ന്യൂഡൽഹി: ഇനി രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ ദീർഘകാല സാമ്പത്തിക ഭദ്രതയെക്കുറിച്ച് ഉത്കണ്ഠ വേണ്ട . ചെറുപ്രായത്തിലെ കുട്ടികൾക്ക് പെൻഷൻ ഉറപ്പാക്കി കേന്ദ്രസർക്കാർ .
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ പെൻഷൻ വാത്സല്യ (എൻ പി എസ്) പദ്ധതിയ്ക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ തുടക്കം ക്കുറിച്ചു.
രാജ്യത്തുടനീളമുള്ള 75 സ്ഥലങ്ങളിൽ ഒരേസമയം പദ്ധതി ആരംഭിക്കുകയും 250-ലധികം ചെറിയ വരിക്കാർക്ക് PRAN-കൾ (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ ) കൈമാറി.
എല്ലാ പൗരന്മാർക്കും ദീർഘകാല സാമ്പത്തിക ആസൂത്രണവും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ ശ്രമത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് എൻപിഎസ് വാത്സല്യയെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.
വരിക്കാരുടെ ഭാവി സുരക്ഷിതമാക്കുന്നതിനു പുറമേ, കുടുംബത്തിലെ മുതിർന്നവർക്കും ചെറുപ്പക്കാരായ അംഗങ്ങൾക്കും പരിരക്ഷ നൽകിക്കൊണ്ട് ഇൻ്റർജനറേഷൻ ഇക്വിറ്റി എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി.
“എല്ലാ രക്ഷിതാക്കളോടും എൻ്റെ അഭ്യർത്ഥന, നിങ്ങൾ ഒരു കുട്ടിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുമ്പോൾ, നിങ്ങൾക്ക് കേക്കുകളോ മറ്റ് സമ്മാനങ്ങളോ നൽകാം , എന്നാൽ NPS വാത്സല്യയിൽ നിക്ഷേപിക്കാനുള്ള പണവും ഒരു അമൂല്യ സമ്മാനമാണ്. ഇത് കുട്ടിയുടെ ഭാവിയിലേക്കുള്ള ആജീവനാന്ത സംഭാവനയായിരിക്കും, ” സീതാരാമൻ പറഞ്ഞു.
ഈ പദ്ധതി യുവ വരിക്കാരിൽ സമ്പാദ്യശീലം വളർത്തുമെന്നും കോമ്പൗണ്ടിംഗ് ശക്തിയിലൂടെ വലിയ സമ്പത്ത് സ്വരൂപിക്കാമെന്നും സീതാരാമൻ കൂട്ടിച്ചേർത്തു . വാർദ്ധക്യത്തിൽ ആളുകൾക്ക് മാന്യമായ ജീവിതം ഈ പദ്ധതി നൽകുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
എൻപിഎസ് സ്കീം ഫലപ്രദമായി നടപ്പിലാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ബാങ്കുകൾ ഉൾപ്പെടെ എല്ലാ പാർട്ണർസിനോട് ഫിനാൻഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റ് (ഡിഎഫ്എസ്) സെക്രട്ടറി നാഗരാജു മദ്ദിരാല അഭ്യർത്ഥിച്ചു.
അനൗപചാരിക മേഖലയിൽ നിന്നുള്ള കൂടുതൽ തൊഴിലാളികളെ പെൻഷൻ പരിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെൻഷനുകൾക്ക്, ഒരു നേരത്തെയുള്ള തുടക്കം ഒരു മികച്ച ആരംഭമാണ് : ചെറിയ തുകകൾ കോമ്പൗണ്ടിംഗിൻ്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ ഗണ്യമായ കോർപ്പസ് ലഭിക്കുമെന്ന് PFRDA ചെയർപേഴ്‌സൺ ദീപക് മൊഹന്തി വ്യക്തമാക്കി.
പെൻഷൻ സവിശേഷതകൾ :
കുറഞ്ഞ നിക്ഷേപം 500 രൂപ
ഒരു വർഷ കണക്ക് 6000 രൂപ
ആദായ നികുതി ഇളവുകൾ ലഭ്യമാവുന്നതാണ്
വ്യത്യസ്ത നിക്ഷേപ പട്ടികകളിൽ നിന്ന് ഉചിതമായ ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.
ഓഹരി , കോർപറേറ്റ് കടപ്പത്രങ്ങൾ , സർക്കാർ കടപ്പത്രങ്ങൾ എന്നിവയിലേതിലെങ്കിലും നിക്ഷേപം നടത്താവുന്നതാണ്.
ഓഹരി നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം. അതേസമയം നഷ്ടസാധ്യതും ഉണ്ട്.
കേന്ദ്രസർക്കാരിന്റെ പിന്തുണയിൽ പദ്ധതി സുരക്ഷിതമാണ്. പദ്ധതി അപേക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഔദ്യോഗിക ഇ എൻ പി എസ് വെബ്സൈറ്റ് ലഭ്യമാണ്