ഓഫിസിലെ അമിത ജോലിഭാരത്തെ തുടര്‍ന്ന് തന്‍റെ മകള്‍ മരണത്തിന് കീഴടങ്ങിയെന്ന ഗുരുതര പരാതി ഉയര്‍ത്തി മലയാളിയായ അനിത അഗസ്റ്റിന്‍. പുണെയിലെ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണ്‍സ്റ്റ് ആന്റ് യങ് (ഇ.വൈ) എന്ന കമ്പനിക്ക് എതിരെയാണ് പരാതി. കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളില്‍ അനിതയുടെ മകള്‍ അന്ന സെബാസ്റ്റ്യന്‍ (27) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന കോര്‍പ്പറേറ്റ് സംസ്കാരത്തിന്‍റെ ഇരയാണ് തന്‍റെ മകളെന്ന് അനിത അഗസ്റ്റിന്‍ ഇ.വൈ കമ്പനിയുടെ ഇന്ത്യാ മേധാവി രാജീവ് മേമാനിക്ക് അയച്ച തുറന്ന കത്തില്‍ (ഇ–മെയില്‍) പറയുന്നു. കൊച്ചി കങ്ങരപ്പടിയിലാണ് അന്ന സെബാസ്റ്റ്യന്‍റെ കുടുംബം
കത്തില്‍ നിന്ന്
” മികച്ചൊരു കരിയര്‍ പ്രതീക്ഷിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കി ഈ വര്‍ഷം മാര്‍ച്ചില്‍ അന്ന സെബാസ്റ്റ്യന്‍ പുണെയിലെ ഏണ്‍സ്റ്റ് & യംഗ് (ഇ.വൈ) കമ്പനിയില്‍ എക്സിക്യൂട്ടിവ് ആയി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ വൈകാതെ ആ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. തന്‍റെ ജോലിക്ക് പുറമേ അനൗദ്യോഗികമായി അധികജോലി അന്നയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. അവധിദിവസങ്ങളില്‍ പോലും വാക്കാല്‍ നിരവധി അസൈന്‍മെന്‍റുകള്‍ നല്‍കി.
ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് മാനേജര്‍മാര്‍ ആ സമയത്തെ ജോലി ആഴ്ചയുടെ അവസാനത്ത് മാറ്റി നല്‍കി മകളെ സമ്മര്‍ദത്തിലാക്കി. അമിത ജോലിഭാരം കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും ഉറക്കമില്ലാത്ത അവസ്ഥയിലേക്കും എത്തിച്ചു. മകള്‍ക്ക് ഇനി ഈ മാനേജര്‍മാരുടെ കീഴില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു ഓഫിസ് പാര്‍ട്ടിയില്‍വെച്ച് മുതിര്‍ന്ന ഒരു ടീം ലീഡര്‍ അന്നയെ കളിയാക്കി. ഈ കോര്‍പ്പറേറ്റ് ജോലി സംസ്കാരമാണ് തന്‍റെ മകളുടെ ആരോഗ്യം ക്ഷയിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇനി ആര്‍ക്കും തന്‍റെ മകള്‍ക്ക് സംഭവിച്ചത് പോലെ ഉണ്ടാകാന്‍ പാടില്ല.”
ജൂലൈ 21നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ന സെബാസ്റ്റ്യന്‍ മരണപ്പെടുന്നത്. അനിത അഗസ്റ്റിന്‍റെ തുറന്ന കത്തിന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കുറിപ്പ് ഹൃദയഭേദകമാണെന്നും കോര്‍പ്പറേറ്റ് കമ്പനികളുടെ എച്ച്.ആര്‍ നയങ്ങളില്‍ മാറ്റമുണ്ടാകണം എന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ പ്രിയങ്ക ചതുര്‍വേദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മറുപടിയുമായി കമ്പനി
“കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, അത്തരം ദുരിത സമയങ്ങളിൽ ഞങ്ങൾ എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും ഞങ്ങൾ നൽകിയിട്ടുണ്ട്, അത് തുടരും. കുടുംബത്തിൻ്റെ കത്തിടപാടുകൾ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിനയം എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നു, കൂടാതെ ഇന്ത്യയിലെ EY അംഗത്വ സ്ഥാപനങ്ങളിലെ 100,000 ആളുകൾക്ക് ആരോഗ്യകരമായ ഒരു ജോലിസ്ഥലം മെച്ചപ്പെടുത്തുന്നതിനും പ്രദാനം ചെയ്യുന്നതിനുമുള്ള വഴികൾ കണ്ടെത്തുന്നത് തുടരും.
അനിതാ അഗസ്റ്റിൻ മേമാനിക്ക് അയച്ച ഇമെയിലിൽ ബഹുരാഷ്ട്ര സ്ഥാപനത്തെ “അമിതജോലിയെ മഹത്വവൽക്കരിക്കുന്നതിനെ” അപലപിക്കുകയും കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തൻ്റെ മകൾ അനുഭവിച്ച യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്ന് എടുത്തുകാണിക്കുകയും ചെയ്തു.