ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള ത്രീഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക, ബോക്സ് ഓഫീസ് പ്രതികരണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്.
സെപ്റ്റംബർ 12ന് ആണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തിയത്. നാല് ദിവസം കൊണ്ട് 35 കോടിക്ക് മുകളിൽ ലോകമെമ്പാടുമായി കളക്റ്റ് ചെയ്യാൻ ചിത്രത്തിനായിട്ടുണ്ട്. ഇതോടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ലൈഫ് ടൈം കളക്ഷനെ എആര്‍എം മറികടന്നു കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 കോടിയാണ് വാലിബന്‍റെ കളക്ഷന്‍.
അതേസമയം, തന്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയ ചരിത്രം രചിക്കുകയാണ് എആർഎമ്മിലൂടെ ടൊവിനോ തോമസ്. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് എആർഎം ബോക്സ് ഓഫീസിൽ വേട്ട തുടരുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ്.