ബീഹാറിലെ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി

ഡല്‍ഹി: ബീഹാറിലെ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. ബീഹാറിലെ ബെഗുര്‍സരായിലെ സദര്‍ ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ നവജാത ശിശുക്കളെ പരിചരിക്കുന്ന യൂണിറ്റില്‍ കയറി കുട്ടിയെ ഒരു സ്ത്രീ എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ലോഹ്യ നഗര്‍ സ്വദേശിനിയായ നന്ദിനി ദേവിയുടെ ആണ്‍കുട്ടിയെയാണ് പ്രതിയായ സ്ത്രീ തട്ടിക്കൊണ്ടു പോയത്.

കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് നന്ദിനി കുഞ്ഞിന് ജന്മം നല്‍കിയത്. ഹോസ്പിറ്റലിലെ സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേയ്ക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നതും ആണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് കൊണ്ട് പുറത്തേയ്ക്ക് പോകുന്നതുമാണ് സിസിടിവിയിലുള്ളത്. കുട്ടിയുടെ അമ്മയ്ക്ക് ഭക്ഷണം നല്‍കാനായി ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്നറിയുന്നത്. കുട്ടിയെ അവസാനമായി കണ്ടത് സംഭവം നടന്ന ദിവസം ഉച്ചയ്ക്കായിരുന്നുവെന്നും പിന്നീട് കുട്ടിയെ ചോദിച്ചപ്പോള്‍ നഴ്സ് തനിക്ക് കുഞ്ഞിനെ വിട്ടുനല്‍കുന്നില്ലെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് ആശുപത്രിയിലെത്തുകയും കുട്ടിയെ ചോദിക്കുകയും ചെയ്തത്.

എങ്ങനെയാണ് കുഞ്ഞിനെ കാണാതായതെന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. ആശുപത്രിയ്ക്ക് വലിയ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കുട്ടിയെ ഉടന്‍ തിരികെ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടിയുടെ തിരോധാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ക്കാണ്. ആയതിനാല്‍ അന്വേഷണം ഊര്‍ജിതമായിരിക്കുകയാണെന്ന് ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രമോദ് കുമാര്‍ സിംഗ് പറഞ്ഞു. കുട്ടിയെ കൊണ്ടുപോയ സ്ത്രീ ഉടന്‍ പിടിയിലാകുമെന്നും കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പ്പിക്കാനാകുമെന്നും പോലീസ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments