Crime

സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഡല്‍ഹി: ഡല്‍ഹിയിലെ റാസാപൂരില്‍ സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഭാര്യ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്നും ഇതുമൂലം തര്‍ക്കം പതിവായിരുന്നുവെന്നും ഇതാണ് കൊലയിലേയ്ക്ക് നയിച്ചതെന്നും പ്രതി പറഞ്ഞു. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് താന്‍ ഭാര്യയായ കാഞ്ചനയെ കൊന്നതെന്ന് പ്രതിയായ രാം കുമാര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇരുവരും രാജാപൂര്‍ ഗ്രാമത്തില്‍ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.

കുമാര്‍ കൂലിപ്പണി ചെയ്യുന്നയാളാണ്. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കാഞ്ചന എപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പല തവണ കുമാര്‍ തടഞ്ഞിരുന്നു. സംഭവ ദിവസവും ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് നടക്കുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് രാം കുമാര്‍ സംശയിച്ചതും കൊലപാതകത്തിന് കാരണമായിരുന്നു.കൊലപാതകം നടന്നത് സമീപ വാസികളാണ് പോലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പോലീസെത്തി യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കാഞ്ചനയെ രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. ഇവര്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്നും അന്നും പതിവുപോലെ തന്നെയാകാമെന്നുമാണ് കരുതിയതെന്നും അത് കൊലപാതകത്തിലേയ്ക്ക് പോകുമെന്ന് ഓര്‍ത്തിരുന്നില്ലായെന്നും സമീപ വാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *