ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഘടനവാദികളും സുരക്ഷാസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാമില്‍ സിആര്‍പിഎഫ് പോസ്റ്റിനു നേരെ ആക്രമണം നടത്തിയവരെയാണ് സുരക്ഷാ സേന വധിച്ചത്. സിആര്‍പിഎഫ് പോസ്റ്റിനു നേരെ ആക്രമണമുണ്ടായതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമാണ് കുക്കികള്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. അത്യാധുനിക ആയുധങ്ങളുമായി വേഷംമാറി യൂണിഫോമില്‍ എത്തിയ തീവ്രവാദികള്‍ ബോറോബെക്ര പോലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള സിആര്‍പിഎഫ് ക്യാമ്പിനും നേരെ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ ഇവര്‍, ജകുരധോറിലെ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ നാല് വീടുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.