ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നിട്ടുണ്ടെന്ന് വീമ്പിളക്കുന്ന ഇരട്ടചങ്കൻ ഇന്ന് ആരെയൊക്കെയോ പേടിക്കുന്നുണ്ട്. അതിന്റെ തെളിവാണ് നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ നടന്ന വന്‍ അഴിച്ച് പണി. പിവി അൻവർ പോലീസ് സമ്മേളന വേദിയിൽ വച്ച് അപമാനിച്ച മലപ്പുറം എസ്‌പി എസ് ശശിധരനെ സർക്കാർ സ്ഥലംമാറ്റിയിരിക്കുകയാണ്.
കൂടാതെ ഏറെ വിവാദമായ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈഎസ്‍പി ബെന്നിയേയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്. പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി. എന്നാൽ ഇതുവരെയും എഫ് ഐ ആർ ഇടാനോ അന്വേഷണം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറായിട്ടില്ല.
എസ്‌പി എസ് ശശിധരനെ എറണാകുളത്ത് വിജിലൻസിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മാറ്റി. അതോടൊപ്പം മലപ്പുറത്തെ ഡിവൈഎസ്പിമാർക്കും സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിരിക്കുകയാണ്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് ആയിരിക്കും പുതിയ മലപ്പുറം എസ്പി.
അതേസമയം, പൊലീസ് അഴിച്ചുപണിയില്‍ തൃപ്‌തനാണെന്നായിരുന്നു പി.വി അൻവർ എംഎല്‍എയുടെ പ്രതികരണം. ഭരണപക്ഷ എംഎൽഎയായ പി വി അൻവർ ഉന്നത ഉദ്യോഗസ്ഥരുടെ ക്രിമിനൽ നടപടികളും മാഫിയകളുമായയുള്ള ചങ്ങാത്തവും തുറന്നു പറഞ്ഞിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും ആരോപണ മുന നീണ്ടു. പൊലീസിനെതിരെയുള്ള ഭരണപക്ഷ എംഎൽഎയുടെ ആരോപണങ്ങൾ കൈവിട്ടതോടെയാണ് മലപ്പുറം പൊലീസിലെ ഉന്നതരെ സ്ഥലം മാറ്റി അൻവറിൻറെ വായടിപ്പിക്കാനുള്ള ശ്രമവുമായി ആഭ്യന്തര വകുപ്പ് രംഗത്തിറങ്ങിയത്.
അതേസമയം എഡിജിപി അജിത് കുമാറിനെതിരെ നടപടി എടുക്കാതെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതും ശ്രദ്ധേയമാണ്. മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതില്‍ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കിയിരുന്നു. ശശിധരൻ നമ്പർ വണ്‍ സാഡിസ്‌റ്റാണെന്നും ഈഗോയിസ്‌റ്റാണെന്നുമായിരുന്നു അൻവർ ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നല്‍കൂവെന്നും എംഎല്‍എ മലപ്പുറം പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ പറഞ്ഞിരുന്നു. എന്തായാലും, അൻവറിനെ പിണക്കാതിരിക്കാൻ മുഖ്യൻ എന്തൊക്കെ ഇനിയും ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.