‘അവൻ 90 ദിവസം തികയ്ക്കില്ല’; കസ്റ്റഡി മര്‍ദനം ഒത്തുതീര്‍പ്പാക്കാൻ പത്ത് സെൻ്റ് ഭൂമിയും വീടും വാഗ്ദാനം

Custodial torture

കൊട്ടാരക്കര: പോലീസ് കസ്റ്റഡിയില്‍ മർദനമേറ്റ ഹരീഷിൻ്റെ പരാതി പിൻവലിപ്പിക്കാൻ വാഗ്ദാനങ്ങളും സമ്മർദങ്ങളും. പത്ത് സെൻ്റ് ഭൂമിയും രണ്ടുനില വീടും സർക്കാർ ജോലിയും നല്‍കാമെന്ന വാഗ്ദാനവുമായി ഫോണ്‍വിളികളെത്തുന്നതായി ഹരീഷിൻ്റെ ഭാര്യ ഗോപിക പറഞ്ഞു. കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സർവീസില്‍നിന്ന് പുറത്താക്കുംവരെ സമരം നടത്തുമെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു.

എസ്.ഐ. പ്രദീപിനെയും ഡ്രൈവർ ശ്രീരാജിനെയും താത്കാലികമായി സ്ഥലംമാറ്റിയത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് മണ്ഡലം പ്രസിഡൻ്റ് അനീഷ് കിഴക്കേക്കര പറഞ്ഞു. ക്വട്ടേഷൻ സംഘമായി മാറിയിരിക്കുകയാണ് കൊട്ടാരക്കര പോലീസ്. ഹരീഷിനെ സ്വകാര്യ കാറില്‍ കൊണ്ടുപോയി മർദിച്ച നാലും സ്റ്റേഷനില്‍ മർദിച്ച മൂന്നും പോലീസുകാരുടെ പേരില്‍ വധശ്രമത്തിന് കേസെടുക്കണം. കോടതി നിർദേശിച്ചിട്ടും വിദഗ്ധ ചികിത്സ നല്‍കാതെ ഹരീഷിനെ ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായി. തങ്ങള്‍ ഇടപെട്ടതോടെയാണ് സ്കാനിങ് ഉള്‍പ്പെടെ നടത്താൻ തയ്യാറായത്. നട്ടെല്ലിനു ക്ഷതവും പൊട്ടലുമുണ്ടെന്നു കണ്ടെത്തി . ഇനിയൊരു കസ്റ്റഡി മർദനം കൊട്ടാരക്കരയില്‍ ഉണ്ടാകാൻ പാടില്ല. സമരപരിപാടികളുടെ ആദ്യഘട്ടമായി 12-ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തും. മുഖ്യമന്ത്രി, ഡി.ജി.പി., ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നല്‍കിയതായും അരുണ്‍ കാടാംകുളം, ബി.സുജിത്ത്, പ്രസാദ് പള്ളിക്കല്‍, കൃഷ്ണൻകുട്ടി, ആർ.എസ്.ഉമേഷ് എന്നിവർ പറഞ്ഞു.

എണ്ണിക്കോ, അവൻ 90 ദിവസം തികയ്ക്കില്ല…

ഇവനെ അങ്ങ് ഉപേക്ഷിച്ചേക്ക് കസ്റ്റഡിയിലെടുത്ത ഹരീഷിനെ കാണാൻ കൊട്ടാരക്കര സ്റ്റേഷനിലെത്തിയ തനിക്കു നേരിടേണ്ടിവന്നത് മനുഷ്യത്വമില്ലാത്ത സമീപനമെന്ന് ഭാര്യ ഗോപിക. ജനമൈത്രി ഉദ്യോഗസ്ഥൻ വാസുദേവനെയാണ് ആദ്യം കാണുന്നത്. ഹരീഷിൻ്റെ ഭാര്യയാണെന്നറിയിച്ചപ്പോഴേ ഒരു കാര്യവുമില്ല, കൊടുക്കാനുള്ളതെല്ലാം കൊടുത്തിട്ടുണ്ടെന്നും എസ്.ഐ. പ്രദീപിനെ കാണാനും പറഞ്ഞു. എസ്.ഐ.ക്കു മുന്നില്‍ ചെന്നപ്പോള്‍ ഒപ്പം വാസുദേവനും വന്നു. നീ ഇവനെ അങ്ങ് ഉപേക്ഷിച്ചേരെ, കൂടിപ്പോയാല്‍ 90 ദിവസം അത്രയും ദിവസത്തെ ഗ്യാരണ്ടിയേ അവൻ്റെ കാര്യത്തിലുള്ളൂ എന്നു പറഞ്ഞത് ഇരുവരും ചേർന്നായിരുന്നു.

താനുംകൂടി വാഹനത്തില്‍ ഉണ്ടായിരുന്നപ്പോഴാണ് എതിരെവന്ന വാഹനത്തിലെ ഡ്രൈവറുമായി വശംനല്‍കുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. അങ്ങോട്ടും ഇങ്ങോട്ടും കോളറില്‍ പിടിക്കുകമാത്രമാണ് ഉണ്ടായത്. െെകയേറ്റമൊന്നും നടന്നില്ല. വൈകീട്ട് ബന്ധുവീട്ടില്‍ നില്‍ക്കുമ്പോളാണ് സ്റ്റേഷനില്‍നിന്ന് വിളിയെത്തിയത്. അടുത്തദിവസം എത്താമെന്ന് അറിയിച്ചു.

വീട്ടിലേക്ക് പോകുംവഴി സുഹൃത്തിൻ്റെ കയ്യിൽ നിന്ന് പണം കടംവാങ്ങാൻ പോയപ്പോഴാണ് പോലീസ് പിടികൂടുന്നത്. ബന്ധുക്കള്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അടിവസ്ത്രംമാത്രം ധരിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. എന്തു തെറ്റാണ് ചെയ്തതെന്നറിയില്ല. വസ്തുവോ വീടോ ജോലിയോ പറയുന്നതെന്തും നല്‍കാമെന്നു ചിലർ ഫോണ്‍ വിളിക്കുന്നു. പണവും പദവിയും ഒന്നും വേണ്ടാ. തങ്ങള്‍ക്കു നീതിമാത്രം മതിയെന്നും ഗോപിക പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments