തിരുവനന്തപുരം: വിവരാവകാശ അപേക്ഷകൾ മലയാളത്തിലെങ്കിൽ മലയാളത്തിൽ തന്നെ മറുപടി നൽകണമെന്ന് വിവരാവകാശ കമ്മീഷണർ എ എ ഹക്കീം. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ത്ഥികളുമായുള്ള സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2005 ൽ മൻമോഹൻ സിങ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് സുപ്രധാന നിയമം പ്രാബല്യത്തിൽ വന്നത്.
അഴിമതിയിൽ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. നികുതിപ്പണം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്ന വിവരം കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ പൗരന് ലഭ്യമാക്കുകയാണ് ഈ നിയമത്തിലൂടെ സാധ്യമാകുന്നത്.
വിവരാവകാശ നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ബോധവൽക്കരണം നൽകുന്നതിനായി സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും ആര്‍ടിഐ ക്ലബ്ബുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
വിവരാവകാശ അപേക്ഷ ലഭ്യമാക്കി 30 ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കുന്ന പ്രവണതയാണ് കാണുന്നത്. എന്നാല്‍ അപേക്ഷ ലഭിച്ച് 5 ദിവസത്തിനുള്ളില്‍ തന്നെ നടപടികള്‍ ആരംഭിക്കണം. വിവരാവകാശ നിയമം പല മാധ്യമ പ്രവര്‍ത്തകരുടെയും പ്രധാന വാര്‍ത്താ ഉറവിടമാകുന്നതു വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.