ഓണ്‍ലൈനില്‍ കബളിപ്പിക്കപ്പെടുന്നതും പണം നഷ്ടപ്പെടുന്നതും ഇപ്പോള്‍ പതിവായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇത്തരത്തിലുളള ഒട്ടേറെ സംഭവങ്ങളാണ് പുറത്തു വരുന്നത്. തിരുവനന്തപുരത്ത് 72 കാരിയായ വൃദ്ധയുടെ 70 ലക്ഷം രൂപ തട്ടിയെടുത്തതും പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ സമീപിച്ചതും ഈയടുത്താണ്. ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ പേയ്‌മെൻ്റ് ഉപയോഗിക്കുന്ന ആപ്പായ ഗൂഗിള്‍ പേയും പണം തട്ടാനുളള മാര്‍ഗമാക്കിയിരിക്കുകയാണ് ക്രിമിനലുകള്‍.
അധികം കേട്ടുകേള്‍വിയില്ലാത്ത ഗൂഗിള്‍ പേ വഴിയുളള തട്ടിപ്പാണ് എറണാകുളത്ത് നടന്നത്. 75 കാരനായ വൃദ്ധനാണ് കബളിപ്പിക്കപ്പെട്ടത്. ബസില്‍ വെച്ചാണ് പ്രതികള്‍ ഇദ്ദേഹത്തെ സമീപിക്കുന്നത്. കൈയില്‍ പണമായി ഒന്നുമില്ലെന്നും ബസിന് കൊടുക്കാന്‍ പോലും പൈസയില്ലെന്നും പറഞ്ഞ് പ്രതികള്‍ ഇദ്ദേഹത്തോട് ആയിരം രൂപ പണമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പൈസ ഗൂഗിള്‍ പേ വഴി ചെയ്തുതരാമെന്ന് പ്രതികള്‍ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു.
തുടർന്ന് ഇദ്ദേഹം ഇവർക്ക് ആയിരം രൂപ നല്‍കി. പണം അവര്‍ അയച്ചോവെന്ന് വൃദ്ധന്‍ ഫോണില്‍ പരിശോധിക്കുന്ന സമയത്ത് ഗൂഗിള്‍ പേയുടെ പാസ്‌വേഡ് പ്രതികള്‍ മനസിലാക്കിയെടുക്കുകയായിരുന്നു.അതിനു ശേഷം വൃദ്ധൻ്റെ കയ്യില്‍ നിന്നും പ്രതികള്‍ ഫോണ്‍ വാങ്ങി പരിശോധിക്കുന്ന രീതിയില്‍ നോക്കി 10,000 രൂപ തങ്ങളില്‍ ഒരാളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ചു. മൂന്ന് യുവാക്കള്‍ അടങ്ങുന്ന സംഘമാണ് ഇത്തരത്തില്‍ വൃദ്ധനെ സമീപിച്ചത്.
പ്രതികള്‍ ഫോണ്‍ നോക്കിയ ശേഷമുളള പെരുമാറ്റത്തില്‍ സംശയം തോന്നിയ വൃദ്ധന്‍ വിശദമായി ഗൂഗിള്‍ പേ പരിശോധിച്ചപ്പോഴാണ് തൻ്റെ അക്കൗണ്ടില്‍ പണം നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. വൃദ്ധന്‍ ബഹളം ഉണ്ടാക്കിയതോടെ പ്രതികളില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊച്ചി എളമക്കര പോലീസ് സ്ഥലത്തെത്തി കേസെടുത്തു.ആളുകളെ വിവിധ ആവശ്യങ്ങളുമായി ഇത്തരത്തില്‍ സമീപിച്ച് ഗൂഗിള്‍ പേ വഴി കബളിപ്പിച്ച് പണം തട്ടുന്നത് യുവാക്കളുടെ സ്ഥിരം പരിപാടിയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികള്‍ മൂന്നു പേരും കേരള സ്വദേശികളാണ്.