കൊച്ചി: രാസലഹരി വേട്ടയ്‌ക്കിറങ്ങിയ എക്സൈസിൻ്റെയൂം പോലീസിൻ്റെയൂം കണ്ണുവെട്ടിക്കാൻ സിന്തറ്റിക് കഞ്ചാവ് ഇറക്കി ലഹരിമാഫിയ. 0.5 ഗ്രാം എം.ഡി.എം.എ കൈവശംവച്ചാല്‍ ജയിലില്‍ പോകുമെങ്കിലും അതേ വീര്യമുള്ള സിന്തറ്റിക്ക് കഞ്ചാവ് ഒരു കിലോയില്‍ താഴെ സൂക്ഷിച്ചാല്‍ പോലും ജാമ്യംകിട്ടുമെന്നതാണ് മാറ്റത്തിൻ്റെ പ്രേരണ.
ജൂലായില്‍ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സിന്തറ്റിക് കഞ്ചാവ് പിടികൂടിയതോടെയാണ് ഇക്കാര്യം എക്സൈസിൻ്റെയൂം ശ്രദ്ധയിലെത്തിയത്. തുടരന്വേഷണത്തില്‍ കൊച്ചിയിലും മറ്റു നഗരങ്ങളിലും ഇതിൻ്റെ വില്പന വ്യാപകമാണെന്ന് കണ്ടെത്തി. തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് സിന്തറ്റിക് കഞ്ചാവ് എത്തുന്നതെന്ന് എക്സൈസ് പറയുന്നു.
ഒരു ഗ്രാമിന് 4,000 മുതല്‍ 6,000 രൂപ വരെ ഈടാക്കിയാണ് വില്പന. സമ്പന്നരെ ലക്ഷ്യമിട്ടാണ് ഇടപാടെങ്കിലും യുവാക്കളും ആകൃഷ്ടരായിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങള്‍ പറയുന്നു. കൊച്ചിയില്‍ കഞ്ചാവ് കേസുകള്‍ വർദ്ധിച്ചത് ഇതിൻ്റെ സൂചനയാണ്. ആറു മാസത്തിനിടെ 209 കിലോ കഞ്ചാവ് കൊച്ചിയില്‍ എക്സൈസ് പിടികൂടി. ഒരാളില്‍ നിന്ന് 70 കിലോ പിടിച്ചതും ഇതിലുള്‍പ്പെടും.
വീര്യംകൂടിയ രാസലഹരി ലായനിയില്‍ മാസങ്ങളോളം ഇട്ടുവച്ച കഞ്ചാവ് പുറത്തെടുത്ത് ഉണക്കി ചെറിയ ഉരുളകളായാണ് വില്പന. വിമാനത്താവളങ്ങളിലും പോർട്ടുകളിലും പരിശോധന ശക്തമായതിനാല്‍ വൻതോതില്‍ കടത്ത് നടന്നിട്ടില്ലെന്നാണ് എക്സൈസ് കണക്കുകൂട്ടല്‍.