EducationNews

പൈലറ്റ് ആകാൻ ആർട്സ്, കൊമേഴ്സ് വിദ്യാർത്ഥികൾക്കും അവസരം തുറന്നേക്കും; ഫിസിക്സും കണക്കും നിർബന്ധമില്ലാതാക്കാൻ ആലോചന

ന്യൂഡൽഹി: പ്ലസ് ടു തലത്തിൽ ഫിസിക്സും കണക്കും പഠിച്ചിരിക്കണമെന്ന നിബന്ധന ഒഴിവാക്കി ആർട്സ്, കൊമേഴ്സ് പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്കും കൊമേർഷ്യൽ പൈലറ്റ് ആകാൻ അവസരം നൽകുന്ന കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പരിഗണിക്കുന്നു. നിലവിൽ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കണമെങ്കിൽ പ്ലസ് ടു തലത്തിൽ ഫിസിക്സും കണക്കും നിർബന്ധമായും പഠിച്ച് പാസായിരിക്കണം.  

ഈ നിയമം കാലഹരണപ്പെട്ടതാണെന്നും പൈലറ്റാകാൻ പ്ലസ് ടു തലത്തിലുള്ള ഫിസിക്സും കണക്കും അനിവാര്യമല്ലെന്നും മുതിർന്ന പൈലറ്റുമാരും വ്യോമയാന രംഗത്തെ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലും ഇത്തരം യോഗ്യതാ മാനദണ്ഡങ്ങൾ നിലവിലില്ല. കൂടാതെ, പൈലറ്റാകാൻ ആഗ്രഹിക്കുന്ന മറ്റ് സ്ട്രീമുകളിലെ പല വിദ്യാർത്ഥികളും ഇപ്പോൾ ഓപ്പൺ സ്കൂൾ വഴി ഈ വിഷയങ്ങൾ പ്രത്യേകം പഠിച്ച് യോഗ്യത നേടുന്നുണ്ട്.  

ഈ വിഷയത്തിൽ ഡിജിസിഎ അന്തിമ തീരുമാനമെടുത്തിട്ടില്ല. ശുപാർശയ്ക്ക് അന്തിമ രൂപം നൽകിയ ശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഈ മാറ്റം പ്രാബല്യത്തിൽ വരികയുള്ളൂ. അനുമതി ലഭിക്കുകയാണെങ്കിൽ, ശാസ്ത്ര വിഷയങ്ങൾ പഠിക്കാത്ത, എന്നാൽ വൈദ്യശാസ്ത്രപരമായി യോഗ്യരായ വിദ്യാർത്ഥികൾക്കും കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) പരിശീലനത്തിന് ചേരാനാകും