
മെഡിസെപ്പ് പ്രീമിയം: 50 % കൂട്ടാൻ ശുപാർശ; കവറേജ് മൂന്നുലക്ഷം രൂപയായിത്തന്നെ തുടരും
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് (Medisep) തുടരാൻ ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാർശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയർത്തിയാലേ പദ്ധതി തുടരാനാവൂ എന്നാണ് സമിതിയുടെ നിഗമനം.
ഇപ്പോൾ 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഇത് ഏറ്റവും കുറഞ്ഞത് 750 രൂപയായി ഉയരും. ഇൻഷുറൻസ് കവറേജ് നിലവിലുള്ള മൂന്നുലക്ഷം രൂപയായിത്തന്നെ തുടരാനാണ് ശുപാർശ. നിലവിൽ ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനിയാണ് മെഡിസെപ്പ് നടത്തുന്നത്. ഇവരുമായുള്ള മൂന്നുവർഷത്തെ കരാർ ജൂൺ 30-ന് അവസാനിക്കും.
മെഡിസെപ്പ് കാര്യക്ഷമമല്ലെന്ന് വ്യാപകമായ പരാതികൾ ഉണ്ടായതോടെ പദ്ധതി തുടരുന്നതിൽ ജീവനക്കാർക്ക് അതൃപ്തിയുണ്ടായിരുന്നു. നിലവിലെ വ്യവസ്ഥകൾ പ്രകാരം ഒരു ഗുണഭോക്താവിന്റെ വാർഷിക പ്രീമിയം 18% ജിഎസ്ടി ഉൾപ്പെടെ 5,664 രൂപയാണ്. സർക്കാർ ഈ പ്രീമിയം തുക ഓറിയന്റൽ ഇൻഷുറൻസിന് വർഷത്തിൽ നാല് തവണയായി മുൻകൂറായി നൽകുന്നു. ഈ തുക ഗുണഭോക്താക്കളുടെ ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ 12 തവണകളായി സർക്കാർ ഈടാക്കും.
നേരത്തെ ഇൻഷുറൻസ് കമ്പനി പ്രീമിയം തുക വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ജീവനക്കാരുടെ സംഘടനകളുടെ വിമർശനവും കണക്കിലെടുത്താണ് സർക്കാർ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ധനവകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. ശ്രീറാം വെങ്കിട്ടരാമനായിരുന്നു വിദഗ്‌ധസമിതിയുടെ നേതൃത്വം.
പ്രമുഖ ആശുപത്രികൾ പദ്ധതിയിൽ സഹകരിക്കുന്നില്ലെന്നും നിലവിലുള്ള ചികിത്സാ പാക്കേജുകൾക്ക് പ്രായോഗികമല്ലാത്ത നിരക്കുകളാണ് ഈടാക്കുന്നതെന്നും ജീവനക്കാർ വിമർശനമുന്നയിച്ചിരുന്നു.
ഓറിയന്റൽ ഇൻഷുറൻസുമായുള്ള കരാർ 2025 ജൂൺ 30-ന് അവസാനിക്കും. കരാർ പുതുക്കുന്നതിന് പ്രീമിയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഈമാസം തന്നെ തീരുമാനമെടുക്കേണ്ടതുണ്ട്.
2022 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ 30.92 ലക്ഷം ഗുണഭോക്താക്കളുണ്ട്. 11.43 ലക്ഷം നേരിട്ടുള്ള ഗുണഭോക്താക്കളിൽ 5.53 ലക്ഷം സർക്കാർ ജീവനക്കാരും 5.90 ലക്ഷം പെൻഷൻക്കാരുമാണ്. കൂടാതെ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും 19.48 ലക്ഷം ആശ്രിതരും ഈ പദ്ധതിയിൽ അംഗങ്ങളാണ്. 628 ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിൽ 471 എണ്ണം സ്വകാര്യ ആശുപത്രികളും 145 എണ്ണം സർക്കാർ ആശുപത്രികളുമാണ്. മാർച്ച് വരെ 1,849.89 കോടി രൂപയുടെ 9.49 ലക്ഷം ക്ലെയിമുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.