ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട് നെയ്മര്‍ ജൂനിയർ; മടങ്ങിവരവ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിൻ്റെ തിരിച്ചുവരവിനായി

neymar junior

ന്യൂയോര്‍ക്ക്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിൻ്റെ മടങ്ങിവരവ് ഇനിയും നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയ നെയ്മര്‍ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നാണ് വിവരം. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിൻ്റെ തിരിച്ചുവരവിനായി. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി അടുത്ത മാസം സൗദി ലീഗില്‍ നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകളും വന്നു.

സെപ്റ്റംബര്‍ 19ന് അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ നെയ്മറിന് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ അല്‍ ഹിലാല്‍ മാനേജ്‌മെൻ്റ് തയ്യാറെടുപ്പുകളും തുടങ്ങി. ഇതിനിടെയാണ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ നെയ്മറിൻ്റെ തിരിച്ചുവരവ് രണ്ട് മാസം കൂടി നീളുമെന്നാണ് പുതിയ വിവരം. ഒരു വര്‍ഷം മുന്‍പ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിൻ്റെ ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്ന നെയ്മറിന് കോപ്പ അമേരിക്ക ടൂര്‍ണമെൻ്റ് നഷ്ടമായി.

പിഎസ്ജിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് താരം അല്‍ഹിലാലിലെത്തിയത്. എന്നാല്‍ സൗദി ക്ലബിന് വേണ്ടി വെറും 5 മത്സരങ്ങളില്‍ മാത്രമാണ് നെയ്മറിന് കളിക്കാനായത്. ഈ സീസണില്‍ നെയ്മറിനെ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അല്‍ഹിലാല്‍. സൗദി പ്രോ ലീഗിലെ നിയമപ്രകാരം ഒരു ക്ലബിന് 10 വിദേശ താരങ്ങളെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. നെയ്മര്‍ എത്തുന്നതോടെ ഒരു താരവുമായുള്ള കരാര്‍ റദ്ദാക്കാനായിരുന്നു പദ്ധതി. 

നെയ്മറിൻ്റെ തിരിച്ചുവരവ് നീണ്ടാല്‍ ഈ നീക്കത്തില്‍ നിന്ന് അല്‍ഹിലാല്‍ പിന്മാറും. നെയ്മര്‍ ടീമില്‍ ഇല്ലെങ്കിലും സൗദി ലീഗില്‍ ചാമ്പ്യൻമാരാകാന്‍ അല്‍ഹിലാലിനായി. റൊണാള്‍ഡോയുടെ അല്‍ നസറിനെ പരാജയപ്പെടുത്തി സൗദി സൂപ്പര്‍ കപ്പും സ്വന്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments