ഒക്ടോബർ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ 20 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസ്-എഎപി സഖ്യസാധ്യത അടഞ്ഞു. കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന പതിനൊന്നിടങ്ങളിലും എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 12 ആണ്.
തിങ്കളാഴ്ച സഖ്യകാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ 90 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് എഎപി ഹരിയാന അധ്യക്ഷൻ സുശിൽ ഗുപ്ത അറിയിച്ചിരുന്നു. പാർട്ടിയുടെ ഹരിയാന യൂണിറ്റ് വൈസ് പ്രസിഡന്റ് അനുരാഗ് ദണ്ഡ കലയാറ്റിൽനിന്നും ഇന്ദു ശർമ ഭിവാനിയിൽനിന്നും മത്സരിക്കും.
വികാസ് നെഹ്‌റ മെഹാമിൽനിന്നും ബിജേന്ദർ ഹൂഡ റോഹ്തക്കിലുമാണ് മത്സരിക്കുക. ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ ആം ആദ്മി പാർട്ടിക്ക് കൂടുതൽ സീറ്റുകൾ വിട്ടുനൽകാൻ ഇതുവരെ തയാറാകാത്തതിനെത്തുടർന്നാണ് സമ്മർദതന്ത്രമെന്നനിലയിൽ 20 സീറ്റിൽ സ്ഥാനാർഥികളെ നിർണയിച്ചത്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും മുമ്പ് സഖ്യമുണ്ടാക്കിയിരുന്നു. 10 സീറ്റാണ് എഎപി ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് ഏഴ് സീറ്റ് മാത്രമാണ് എഎപിക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ, എഎപി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെച്ചൊല്ലി ചർച്ചകൾ മുടങ്ങിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി 10 സീറ്റുകൾ ആവശ്യപ്പെടുമ്പോൾ കോൺഗ്രസ് അഞ്ച് സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.