
അൻവർ പണിയുന്നത് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച്
പി. വി. അൻവറിൻ്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളവ ആണെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനം. പ്രത്യക്ഷത്തിൽ എഡിജിപി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എതിരെയാണ് ആരോപണം എന്ന് തോന്നാമെങ്കിലും മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളതാണ് ഓരോ ആരോപണവും എന്ന് വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ചുക്കും നടക്കില്ല എന്ന ഇന്നലത്തെ പ്രസ്താവന കൂടി ആയപ്പോൾ അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായി വിജയനെ തന്നെ ആണെന്ന് വ്യക്തമായി. ആദ്യ ദിനങ്ങളിലെ ആരോപണങ്ങളിൽ തന്നെ മുഖ്യമന്ത്രി 29 വകുപ്പുകൾ കയ്യടക്കി വെച്ചിരിക്കുന്നത് അൻവർ ചോദ്യം ചെയ്തിരുന്നു. ഇത്രയും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ആൾക്ക് എങ്ങനെ വകുപ്പിലെ കാര്യങ്ങൾ അറിയാനും നിയന്ത്രിക്കാനും കഴിയും എന്ന ചോദ്യവും അൻവർ ഉയർത്തിയിരുന്നു.
ഇടയ്ക്കിടെ മുഖ്യമന്ത്രി അച്ഛനെ പോലെയാണ് എന്ന പല്ലവി അദ്ദേഹം ആവർത്തിക്കുന്നുണ്ട് എങ്കിലും വിമർശന ശരം മുഖ്യൻ്റെ നേർക്ക് നീളും എന്ന അറിവോടെ തന്നെയാണ് ആരോപണം കടുപ്പിക്കുന്നത്. വിമർശനങ്ങളുടെ മുന മുഖ്യമന്ത്രിക്ക് നേരെയല്ല എന്ന തോന്നൽ ഉണ്ടാവുമ്പോൾ അത് തിരിച്ച് പിണറായിക്ക് നേരെ ആക്കുന്ന ജോലിയും അൻവർ ഇടയ്ക്കിടെയുള്ള വെളിപ്പെടുത്തൽ വഴി ചെയ്യുന്നുണ്ടെന്ന് കാണാം.
ഇന്നലെ മുഖ്യമന്ത്രിക്ക് നൽകുന്ന പരാതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്താതെ ഒരു ചുക്കും നടക്കില്ല എന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം ആരോപണങ്ങളും പരാതിയും ഭരണ തലത്തിൽ നടപടി എടുക്കേണ്ട വിഷയം ആണെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദവും മുഖ്യൻറെ പെടലിക്ക് വെച്ചു. അതേസമയം സെക്രട്ടറിയേറ്റ് എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ഇ പി ജയരാജനും മൗനത്തിലാണ്. മുതിർന്ന നേതാക്കളെ എല്ലാം വെട്ടിയ പിണറായി ഇപ്പോൾ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പി വി അൻവറിൻ്റെ പിന്നിൽ സിപിമ്മിലെ താപ്പാനകൾ ആണെന്നായിരുന്നു ലീഗ് നേതാവ് എം കെ മുനീർ പ്രതികരിച്ചത്. ഗുരുതരമായ കൊള്ളയും, സംഘപരിവാർ ബന്ധവും വെളിച്ചത് വരുമ്പോൾ എൽ ഡി എഫ് ഘടക കക്ഷികൾക്ക് പ്രതികരിക്കാൻ ബാധ്യത ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇടതുപക്ഷത്തിൻറെ ചിലവിൽ സംഘപരിവാർ സിപിഎം ചർച്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐ നേതാക്കൾ നിലപാട് എടുത്തിരുന്നു. എന്നാൽ ഇപ്പോഴും ഘടക കക്ഷികൾ ശക്തമായ നിലപാടുമായി രംഗത്ത് വരാനും ഭരണത്തിൻറെ മറവിൽ നടക്കുന്ന കൊള്ളരുതായ്മയ്ക്ക് എതിരെ ശബ്ദം ഉയർത്താനും മടിക്കുന്നു എന്നും കാണാം.
ഇടതുപക്ഷത്തെ തന്നെ ഉന്നത നേതാക്കളാണ് അൻവർ. ജലീൽ എന്നീ സ്വതന്ത്ര എം എൽ എ മാരെ മുൻനിർത്തി ആരോപണം ഉന്നയിക്കുന്നതെങ്കിൽ അവരൊക്കെ സ്വന്തം നട്ടെല്ലിൻറെ ഉറപ്പ് പരിശോധിക്കേണ്ട സമയം അതിക്രമിച്ചു. അതേസമയം മുഹമ്മദ് റിയാസ് പിണറായിക്ക് നേരെയാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.