പീരുമേട്: പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിൻ്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വയ്ക്കുന്നതിൻ്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരൻ അജിത്തും (28) തമ്മിൽ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ അമ്മ തുളസി(56)യെ അഖില്‍ തള്ളിയിട്ടു. ഇതില്‍ പ്രകോപിതനായ അജിത്ത് അഖിലിനെ കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയെന്ന് പൊലീസ് പറഞ്ഞു.
ബോധരഹിതനായി നിലത്തുവീണ അഖിലിനെ വലിച്ചിഴച്ച് വീട്ടുപരിസരത്തെ കമുകില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തില്‍ ഹോസിട്ട് മുറുക്കിയെന്നും അമർത്തിപ്പിടിച്ചുവെന്നും അജിത്ത് പൊലീസിനോട് വെളിപ്പെടുത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ വിളിച്ച് ‘അഖില്‍ പടമായി’എന്നാണ് അജിത്ത് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
വിവരം അറിഞ്ഞ് അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അഖില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍, ഈ സമയത്ത് അജിത്തും അമ്മയും കുളിക്കുകയായിരുന്നുവെന്ന് അയല്‍വാസികൾ നൽകിയ മൊഴിയാണ് കേസിൽ നിര്‍ണ്ണായക വഴിത്തിരിവായത്. തുടർന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. തുളസി കുറ്റകൃത്യത്തിന് കൂട്ടുന്നില്‍ക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ തോട്ടണ്ടി മരത്തിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മദ്യപാനിയായതിനാൽ അഖിലിൻ്റെ വീട്ടിൽ എപ്പോഴും സംഘർഷാവസ്ഥ നിലനിന്നിരുന്നതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ചയും സമാനമായ ബഹളം കേട്ടിരുന്നു. വഴക്കിനെ തുടർന്നുണ്ടായ മർദനത്തിൽ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ അഖിലിൻ്റെ തലയക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.