
കൊച്ചിയുടെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ബൈപ്പാസിന്റെ നിർമ്മാണം തുടങ്ങിയേക്കുമെന്ന് പുതിയ വിവരങ്ങൾ കാണിക്കുന്നു. ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള പുതിയ 44 കിലോമീറ്റർ നീളമുള്ള കൊച്ചി ബൈപ്പാസ്, ഇടപ്പള്ളി-അരൂർ എൻഎച്ച് 66 നെട്ടൂരിൽ നിന്നും ആരംഭിച്ച്, എൻഎച്ച് 544-ൽ അങ്കമാലിക്ക് വടക്കായി കരയാംപറമ്പിൽ അവസാനിക്കും.
ഈ ബൈപ്പാസിന്റെ യാഥാർത്ഥ്യം കൊച്ചിയിലെ നിലവിലെ ഗതാഗതക്കുരുക്കുകൾക്കും തിരക്കിനും വലിയ ശമനം നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ബൈപ്പാസിന്റെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന റവന്യൂ വകുപ്പ് മുന്നോട്ട് വന്നിട്ടുണ്ട്. ആലുവ താലൂക്കിലെ 6 വില്ലേജുകൾ, കുന്നത്തുനാട്ടിലെ 8 വില്ലേജുകൾ, കണയന്നൂരിലെ 4 വില്ലേജുകൾ എന്നിവിടങ്ങളിൽ 290.58 ഹെക്ടർ ഭൂമിയാണു ഏറ്റെടുക്കേണ്ടത്.