Sports

ശ്രീജേഷിന് ‘മാറ്റിവച്ച’ സ്വീകരണം 19ന്; മുഖ്യമന്ത്രി മുഖ്യാതിഥിയാകും

മന്ത്രിമാരുടെ തമ്മിലടികൾക്കൊടുവിൽ കായിക കേരളം കാത്തിരുന്ന വാർത്തയെത്തി. ഒളിപ്യൻ ശ്രീജേഷിന് കേരള സർക്കാർ മാറ്റിവച്ച സ്വീകരണം 19-ന് നടക്കും, അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും.

കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ, സർക്കാർ  പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ സമ്മാനിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെ‍ഡൽ നേടിയ ശ്രീജേഷിനു കേരള സർക്കാർ ഓഗസ്റ്റ്  26ന് സ്വീകരണം തീരുമാനിച്ചതാണ്. എന്നാൽ കായിക വകുപ്പിനെ അവഗണിച്ചുള്ള പരിപാടിയാണെന്ന പരാതിയുമായി  മന്ത്രി അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെ പരിപാടി മാറ്റിവച്ചു. 

പരിപാടിയിൽ പങ്കെടുക്കാനായി ശ്രീജേഷ് കുടുംബ സമേതം കൊച്ചിയിൽനിന്നു തലസ്ഥാനത്തേക്കു തിരിച്ചശേഷമാണ് പരിപാടി മാറ്റിയ വിവരം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ശ്രീജേഷിനെ അറിയിച്ചത്.  അഭിമാനതാരത്തെ വിളിച്ചു വരുത്തി അപമാനിച്ചതിനെതിരെ പല മേഖലയിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു.

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്,കുഞ്ഞുമുഹമ്മദ്, പി.യു.ചിത്ര, വി.കെ.വിസ്മയ, വി.നീന എന്നിവർക്കു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർമാരായുള്ള  നിയമന ഉത്തരവും പരിപാടിയിൽ കൈമാറുമെന്നു മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *