ബിഗ് ബജറ്റ് ചാനല്‍ ഷോയുമായി പിണറായി!

Pinarayi Vijayan, Mammootty and John Brittas

‘നാം മുന്നോട്ട്’ വീണ്ടും ആരംഭിക്കുന്നു, 1.47 കോടി അനുവദിച്ച് കെ എൻ ബാലഗോപാൽ; നിർമ്മാണ ചുമതല മമ്മൂട്ടി ചെയർമാനായ കൈരളിക്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു ഭാഗം പുറത്തുവന്നതിന് മലയാള സിനിമയിലെ താരങ്ങള്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന കാഴ്ച്ചയാണ് കേരളത്തില്‍. അതേസമയം, സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന് പുറത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ പിണറായിയുടെ പരസ്യങ്ങൾ കാണിക്കാൻ പണം അനുവദിച്ചത് മലയാളം മീഡിയ ലൈവ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ ടി.വി. ചാനല്‍ ഷോയുമായി രംഗത്തെത്തുകയാണ് മുഖ്യമന്ത്രി. ഇതിനായി 1.47 കോടി ഈ മാസം 24 ന് അനുവദിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിർത്തിവെച്ച പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് ആരംഭിക്കാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

നിർമ്മാണ ചുമതല പതിവ് പോലെ മമ്മൂട്ടി ചെയർമാനായ മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിനും നൽകി. താൽപര്യപത്രം നൽകിയ 3 കമ്പനികളെ തഴഞ്ഞാണ് കൈരളിക്ക് പിണറായി പച്ചക്കൊടി കാട്ടിയത്. ആ വകയിൽ കൈരളിക്കും കിട്ടും കോടികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ടി.വി ഷോ “നാം മുന്നോട്ടിൻ്റെ” നിർമ്മാണ ചുമതല വീണ്ടും മലയാളം കമ്യൂണിക്കേഷൻ സ് നൽകി സർക്കാർ ഉത്തരവ് ഇറങ്ങി. 2021 ലും 2022 ലും മലയാളം കമ്യൂണിക്കേഷൻസ് അഥവാ കൈരളി ചാനലിന് തന്നെയായിരുന്നു പരിപാടിയുടെ നിർമ്മാണ ചുമതല. ഇടക്കാലത്ത് നിർത്തി വച്ചിരുന്ന മുഖ്യമന്ത്രിയുടെ ഷോ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതോടെ സർക്കാർ ടെലിവിഷൻ കമ്പനികൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവയിൽ നിന്ന് 2023 ജൂലൈ 8 ന് താൽപര്യ പത്രം ക്ഷണിച്ചിരുന്നു.

മലയാളം കമ്യൂണിക്കേഷൻ ലിമിറ്റഡിനെ കൂടാതെ കേരള കൗമുദി, ദർപ്പൺ മീഡിയ ആൻ്റ് എൻ്റർടൈൻമെൻ്റ് , ശ്രീ കൃഷ്ണകുമാർ എന്നിവർ താൽപര്യപത്രം സമർപ്പിച്ചിരുന്നു. കേരള കൗമുദി യുള്ള 3 താൽപര്യപത്രങ്ങളും സർക്കാർ തള്ളി. പി.ആർ. ഡി ആവശ്യപ്പെട്ട മാനദണ്ഡങ്ങൾ ഇല്ല എന്ന കാരണമാണ് താൽപര്യം പത്രം തള്ളിയതിന് ചൂണ്ടി കാട്ടിയത്. തുടർന്ന് പാർട്ടിയുടെ സ്വന്തം കൈരളിക്ക് നിർമ്മാണ ചുമതല കൈമാറി.

Naam Munnottu Order

ഫ്ലോർ ഷൂട്ട് സാധ്യമാകാത്ത സാഹചര്യത്തിൽ ഡോക്യുമെൻ്ററി രൂപത്തിൽ ഒരു എപ്പിസോഡിന് 1.50 ലക്ഷം രൂപയും ജി.എസ് ടിയും കൈരളിക്ക് കിട്ടും. സർക്കാർ നിർദ്ദേശിക്കുന്ന ഉള്ളടക്കം അനുസരിച്ച് ഫ്ലോർ ഷൂട്ട് ചെയ്യുന്ന ഒരു എപ്പിസോഡിന് 2.32 ലക്ഷവും ജി. എസ്. ടിയും നൽകും.

കൂടാതെ അതിഥികളുടെ യാത്ര, താമസ ചെലവ് തുടങ്ങിയ ചെലവുകളും കൈരളിക്ക് ലഭിക്കും. ഒരു ഷൂട്ടിൽ ഒരു എപ്പിസോഡ് മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ ഒരു എപ്പിസോഡിന് 5 ലക്ഷം രൂപയും ജി എസ് ടിയും കൈരളിക്ക് നൽകണം. ഒരു ഷൂട്ടിൽ 2 എപ്പിസോഡുകൾ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ ഒരു എപ്പിസോഡിന് 3 ലക്ഷം രൂപയും ജി എസ് ടിയും നൽകണം.

കൈരളിക്ക് വീണ്ടും ലോട്ടറി അടിച്ചുവെന്ന് വ്യക്തം. നാം മുന്നോട്ട് പരിപാടിക്ക് ഈ സാമ്പത്തിക വർഷം കെ.എൻ ബാലഗോപാൽ 1.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പരിപാടി കളറാക്കാൻ ബാലഗോപാൽ 1.47 കോടി അനുവദിച്ച സ്ഥിതിക്ക് അതിഥികളെ കിട്ടാൻ കൈരളിക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അവർ മുഖം നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്.

ഇതിനേക്കാൾ നല്ല സമയം ഷോ നടത്താൻ കിട്ടില്ലെന്ന് പിണറായിക്കറിയാം. ജനങ്ങൾ മുഖ്യമന്ത്രിയുടെ ഷോ ഏറ്റെടുക്കും എന്നാണ് പിണറായി ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments