
ഇതിഹാസ താരം മെസിയും സുവാരസും കളിക്കളത്തിന് പുറത്ത് ഒന്നിക്കുന്നു. ഉറുഗ്വേയിൽ പുതിയ ഡിവിഷൻ 4 ടീമിന് തുടക്കമിടുകയാണ് ഇരുവരും. ഡിപോർട്ടിവോ എൽ എസ് എം ( LSM) എന്നാണ് ഇരുവരുടേയും ഫുട്ബോൾ ക്ലബ്ബിൻ്റെ പേര്. ഉറുഗ്വേയുടെ നാലാമത്തെ ഡിവിഷനിൽ ക്ലബ്ബ് മൽസരിക്കും.
2018 ൽ സുവാരസ് കുടുംബ സംരംഭമായി ആരംഭിച്ചതാണ് ഡിപ്പോർട്ടിവോ എൽ എസ് എന്ന ക്ലബ്ബ്. മെസി കൂടി എത്തിയതോടെ ക്ലബ്ബിൻ്റെ പേര് എൽ എസ് എം എന്നാക്കി. ഉറുഗ്വേയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ സുവാരസ് സോഷ്യൽ മീഡിയയിലൂടെയാണ് മെസിയുമായി ചേർന്നുള്ള ഫുട്ബോൾ ക്ലബ്ബിൻ്റെ കാര്യം പുറത്ത് വിട്ടത്.
എൽ എസ് എം എന്നാൽ ലൂയിസ് സുവാരസ് ആൻഡ് മെസി. ഡിപോർട്ടിവോ എൽ എസ് എന്ന പേരാണ് ഇപ്പോൾ ഡിപോർട്ടിവോ എൽ എസ് എം ആയത്. ബാഴ്സലോണയിൽ മെസിയോടൊപ്പം നിരവധി കിരീടങ്ങൾ നേടിയ താരമാണ് സുവാരസ് . ഇൻ്റർമിയാമിയിലും മെസിയോടൊപ്പം സുവാരസുണ്ട്. ഇരുവരുടേയും കുടുംബങ്ങളുടെ അടുപ്പവും ആഴത്തിലുള്ള സൗഹൃദവും ആണ് മെസിയെ സുവാരസിൻ്റെ ക്ലബ്ബിലേക്ക് ആകർഷിച്ചത്.
ഡിവിഷണൽ ഡി യിൽ ആരംഭിച്ച് ഉറുഗ്വേയുടെ ഫുട്ബോൾ റാങ്കുകളിൽ കയറുകയാണ് ക്ലബ്ബിൻ്റെ ലക്ഷ്യം. മെസി എത്തുന്ന വാർത്ത പുറത്ത് വന്നതോടെ ക്ലബ്ബിൻ്റെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് രണ്ട് മണിക്കൂറിനുള്ളിൽ 40000 ത്തിലധികം ഫോളേവേഴ്സ് ലഭിച്ചു. മുൻ ഉറുഗ്വേ, ഇൻ്റർ മിലാൻ താരമായ അൽവാര റെക്കോബയാണ് മെസിയുടേയും സുവാരസിൻ്റേയും ക്ലബ്ബിൻ്റെ പരിശീലകൻ .
മെസി എത്തിയതോടെ ആഗോള സ്പോൺസർമാർ ക്ലബ്ബിന് പിന്തുണ നൽകുമെന്ന് ഉറപ്പ്. ദക്ഷിണ അമേരിക്കൻ ഫുട്ബോളിലെ ശക്തമായ ഒരു പുതിയ സാന്നിധ്യമായി എൽ എസ് എം മാറും.