
മന്ത്രിക്ക് സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് തുടങ്ങി; ഇംഗ്ലീഷിന്റെ പേരില്‍ ഇനിയൊരു നാണക്കേടിനില്ലെന്ന് സിപിഎം മന്ത്രിമാര്‍
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രി ഇംഗ്ലീഷ് ഭാഷാ പരിശീലനം ആരംഭിച്ചു. മന്ത്രി മന്ദിരത്തില്‍ തന്നെയാണ് പരിശീലനം. രാജ്യസഭയിലെ പ്രസംഗം മുതല്‍ വിവിധ പൊതുപരിപാടികളിലെ സിപിഎം നേതാക്കളുടെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ പൊതുസമൂഹത്തില്‍ വിമര്‍ശനത്തിന് ഇരയായതിന് പിന്നാലെയാണ് മന്ത്രിയുടെ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്.
സ്വന്തം പ്രതിച്ഛായയില്‍ ഒരുതരത്തിലുള്ള കോംപ്രമൈസിനും തയ്യാറല്ലാത്ത മന്ത്രിയുടെ ഇംഗ്ലീഷ് പഠനം മറ്റ് മന്ത്രിമാരും മാതൃകയാക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം പിന്തുടരുന്ന ഈ മന്ത്രി സ്പോക്കണ് ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്.
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ നിരന്തരം പോരാടുന്ന സഖാക്കള്‍ക്ക് ഇംഗ്ലീഷ് പഠനം ഒരു വീക്ക്നെസാണ്. ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയ ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ പ്രധാന ജോലി പിണറായിയെ ഇംഗ്ലീഷ് പഠിപ്പിക്കലായിരുന്നുവെന്ന് ആദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
മികച്ച ട്യൂഷൻ ക്ലാസിലൂടെ മന്ത്രിയുടെ ഒന്ന് രണ്ട് തട്ട് പൊളിപ്പൻ ഇംഗ്ലീഷ് പ്രസംഗം ലോകസഭ ഇലക്ഷനു മുമ്പ് ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മന്ത്രി എങ്ങനെ ചിരിക്കണമെന്ന് പി.ആർ. ടീമുകൾ തീരുമാനിക്കുന്ന കാലമായതുകൊണ്ട് മന്ത്രിയുടെ ഇംഗ്ലീഷ് പ്രസംഗ വേദിയും അവർ നിശ്ചയിക്കും. മന്ത്രി നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്, പഠിക്കുന്നുണ്ട് എന്നാണ് അധ്യാപകന്റെ കമന്റ്.
പ്രതിപക്ഷ നേതാവായിരിക്കുമ്പോള് വി.എസ് അച്യുതാനന്ദന് ഇംഗ്ലീഷ് പഠിക്കാന്‍ തലസ്ഥാന നഗരിയിലെ ആറു നില ബില്‍ഡിംഗില്‍ പോയിരുന്നു എന്ന ഒരു കഥ അക്കാലത്ത് പ്രചരിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ഉള്ള സിപിഎം നേതാക്കള്‍ക്ക് പോലും ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കാന്‍ കഴിയുന്നില്ലെന്നത് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു.
ലോകം മാറുമ്പോള്‍ അതിനൊത്ത രീതിയില്‍ മാറാനാണ് മന്ത്രിയുടെ പ്രയത്നം. ഇംഗ്ലീഷില്‍ അതിമനോഹരമായി പ്രസംഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ തീവ്ര ആഗ്രഹം. പിണറായി ഒഴിഞ്ഞാല്‍ ഭാവി മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണോ മന്ത്രിയുടെ ഇംഗ്ലീഷ് പഠനം എന്ന് ചില സഹമന്ത്രിമാര്‍ ആത്മഗതം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും പഠനത്തിന് തടസ്സമല്ല.
ഇംഗ്ലീഷ് അധ്യാപികയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ട് ചിരിച്ച് മണ്ണ് കപ്പിയവര് ആണ് മലയാളികള്‍ .”whereever 1 go 1 take my house in my head” എന്ന മന്ത്രി ബിന്ദുവിന്റെ ഇംഗ്ലീഷ് പ്രയോഗം മലയാളികള്‍ മറന്നിട്ടില്ല.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് പ്രസംഗവും അബദ്ധങ്ങള്‍ കൊണ്ട് വൈറലാണ്. ചിന്തയുടെ മലയാള പ്രസംഗം കേട്ടാലും ചിരി വരും. രാജ്യസഭ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അദ്ധ്യക്ഷനുമായ എ.എ. റഹീം അഭ്യസ്തവിദ്യനാണ്. എന്നാല്‍, ഇംഗ്ലീഷ് പ്രസംഗം കേട്ടാല്‍ റഹീം പഠിക്കാന്‍ പോയിട്ടില്ലേ എന്ന ചോദ്യം ഉയരും. India is a largest country, India is a largest democratic country, not only but also.. എന്ന റഹീമിന്റെ രാജ്യസഭയിലെ ഇംഗ്ലീഷ് പ്രസംഗം നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയതാണ്.
പ്രധാനമന്ത്രിയ്ക്ക് ഇമെയില്‍ അയച്ച് കൊണ്ടുള്ള ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്യിക്കാന്‍ മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെ കാണാന്‍ ഡിവൈഎഫ്ഐ ദേശീയ നേതാക്കള്‍ പോയതും, അവര്‍ക്ക് കട്ജു ഇംഗ്ലീഷ് ക്ലാസ് എടുത്തതും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ഇംഗ്ലീഷ് അറിയാത്ത ഇന്നത്തെ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പടെ ഉള്ള ദേശീയ നേതാക്കളെ മെയിലിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി കട്ജു തിരുത്തി. ഡിവൈഎഫ്ഐ അതേത് സംഘടന എന്ന് കട്ജു ചോദിച്ചുവെന്ന വാര്‍ത്തയും വൈറലായി.
- തമിഴ്നാട് ബജറ്റില്‍ ‘ ₹ ‘ ഇല്ല, പകരം ‘രൂ’; രൂപയുടെ ചിഹ്നം മാറ്റി സ്റ്റാലിന് സർക്കാർ
- തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
- പൊലീസിനെക്കാള്‍ പാര്‍ട്ടി ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്ന് തെളിയിക്കപ്പെട്ടു: വി.ഡി. സതീശൻ
- രോഹിത് ശർമ്മയുടെ വിരമിക്കൽ ഈ കളിക്ക് ശേഷം മാത്രം! പദ്ധതികൾ ചെറുതല്ല
- ജവഹർ ബാലഭവനിൽ ടീച്ചർ, അസിസ്റ്റൻ്റ് ഒഴിവുകൾ