ആലപ്പുഴ ജില്ലയിലെ തകഴിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക മൊഴി. യുവതിയെ ചികിത്സിക്കുന്ന ഡോക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രസവിച്ചയുടന്‍ കുഞ്ഞ് കരഞ്ഞിരുന്നുവെന്ന് യുവതി ഡോക്ടറോട് പറഞ്ഞു. ഇതോടെ കുട്ടിയെ കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്.
കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ ഡോണ ജോജി (22), തോമസ് ജോസഫ് (24), കുട്ടിയെ മറവു ചെയ്യാന്‍ സഹായിച്ച അശോക് ജോസഫ് (30) എന്നിവര്‍ കേസില്‍ ഇപ്പോള്‍ റിമാന്റിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോണയെ മജിസ്‌ട്രേട്ട് അവിടെയെത്തിയാണു റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണു ഡോണ വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുട്ടി ജനിച്ച് മണിക്കൂറുകളോളം ഒളിപ്പിച്ചുവെച്ചിട്ടാണ് അര്‍ദ്ധരാത്രിയില്‍ തോമസ് ജോസഫും സുഹൃത്ത് അശോകുമൊത്ത് കുഞ്ഞിന്റെ ജഡം കൊണ്ടുപോയി മറവ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
കുഞ്ഞിനെ സണ്‍ഷൈഡില്‍ സ്റ്റെയര്‍ കേസിന് അടുത്ത് ഒളിപ്പിച്ചു വയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പോളിത്തീന്‍ കവറിലാക്കിയാണു കൊടുത്തുവിട്ടത്. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നു ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലാണ് ഇനി വ്യക്തത വരുത്തേണ്ടത്. ഡോണ ആശുപത്രി മോചിത ആയതിന് ശേഷം പ്രതികളെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ.
പ്രസവത്തിന് ശേഷം രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടിയതോടെയാണ് പ്രസവവിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായത്.
ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ച ഡോണ കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ജയ്പുരില്‍ പഠനകാലത്താണ് അവിടെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി പ്രണയത്തിലാകുന്നത്.
കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്കു തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മറവ് ചെയ്ത കുഞ്ഞിനെ ഞായറാഴ്ച വൈകിട്ടോടെയാണ് ഈ സ്ഥലം കണ്ടെത്തി ജഡം പുറത്തെടുത്തത്. അപ്പോഴേക്കും അവയവങ്ങള്‍ പലതും ജീര്‍ണിച്ചിരുന്നു. ടാഗ് ചെയ്യാതെ പൊക്കിള്‍ക്കൊടി മുറിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. ഏറെ രക്തം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടില്‍ തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നാണു ഡോണയുടെ മൊഴി.