ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് തിരിച്ചടി. ഫൈനലിന് തൊട്ട് മുന്നേ നടന്ന യോഗ്യതാ ഭാരപരിശോധനയിലാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. പരിശോധനയില്‍ നിശ്ചിതഭാരത്തെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിരിക്കുന്നത് .
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിനേഷ് ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് തോല്‍പ്പിച്ച് ക്വാര്‍ട്ടരില്‍ കടന്നിരുന്നു . ഇതോടെ ഇന്ത്യൻ താരം ചരിത്ര നേട്ടം കുറിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും . എന്നാൽ ഫൈനലിന് തൊട്ട് മുന്നേ നടന്ന പരിശോധനയിൽ താരത്തിന് ഒട്ടുംപ്രതീക്ഷിക്കാത്ത തിരിച്ചടി ഏൽക്കുകയായിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനെ കാത്തിരുന്ന ചരിത്രനേട്ടം നഷ്ടമായി.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിയിക്കുന്നതെന്ന് ഐഒഎ പ്രസ്താവനയില്‍ അറിയിച്ചു. വളരെ ഏറെ തങ്ങളുടെ പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം ഇന്ന് രാവിലെ കൂടുതലായിരുന്നു. 50 കിലോയും 100 ഗ്രാമും ഭാരമുണ്ടായിരുന്നു . ഈ സാഹചര്യത്തിൽ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു.
ബുധനാഴ്ച നടക്കാനിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടേണ്ടിയിരുന്നത്.