ചെസ് ഒളിംപ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ അനുമോദിക്കുമ്പോൾ, പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പിആർ ശ്രീജേഷിനെ തിരിഞ്ഞിപോലും നോക്കാനുള്ള സമയം കേരള സർക്കാറിനില്ല, കേരളം ഭരിക്കുന്ന പിണറായി സർക്കാർ മറ്റുതിരക്കുകളിലാണ്.
ശ്രീജേഷിന് സ്വീകരണ ചടങ്ങ് ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പോ, കായിക വകുപ്പോ എന്ന കാര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്ദുറഹ്മാനും തർക്കിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് നിശ്ചയിച്ച പരിപാടി മാറ്റിവച്ചത്. ഇതോടെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം തിരുവന്തപുരത്ത് എത്തിയ അഭിമാന താരത്തിന് മന്ത്രിമാരുടെ ഈഗോയിൽ അപമാനിതനായി തിരിച്ചുപോകേണ്ടിവന്നു. ഈ അവഗണ ശ്രീജേഷിന് ആദ്യമായല്ല ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയപ്പോഴും ഇതേ അവസ്ഥയായിരുന്നു.
ഇന്ത്യയ്ക്കുതന്നെ അഭിമാനമായ താരത്തെ സ്വന്തം നാട്ടിലെ സർക്കാർ അവഗണിക്കുമ്പോൾ കണ്ടുപഠിക്കേണം അയൽ സംസ്ഥാനമായ തമിഴ്നാടിനെ. കായികതാരങ്ങളോടുള്ള കരുതലിലും പ്രോത്സാഹനത്തിലും വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അതിവേഗമാണ് തമിഴ്നാട് സർക്കാരിന്. ലോക ചെസ് ഒളിംപ്യാഡ് ജേതാക്കളായി നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ് വൈശാലി എന്നിവർക്ക് സർക്കാർ അനുമോദനം നൽകിയിരുന്നു.
എന്നാൽ കേരളത്തിലോ, തമ്മിലടി കാരണം മുടങ്ങിയ അനുമോദന ചടങ്ങിന് പുതിയൊരു തീയതി സർക്കാർ ഇതുവരെ പ്രഖ്യാപിക്കുകയോ വാഗ്ദാനം ചെയ്ത സമ്മാനത്തുക കൈമാറുകയോ ചെയ്തിട്ടില്ല. ശ്രീജേഷിനൊപ്പം പാരിസിൽ മെഡൽ നേടിയ താരങ്ങൾക്കെല്ലാം അതത് സംസ്ഥാന സർക്കാരുകൾ കൈനിറയെ പണവും പാരിതോഷികങ്ങളും നൽകിയപ്പോൾ രണ്ട് ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളിക്ക് കിട്ടിയത് വെറുംവാക്കും അപമാനവും മാത്രമാണ്. ശ്രീജേഷിന് പ്രഖ്യാപിച്ച 2 കോടി എന്നുകൊടുക്കുമെന്ന കാത്തിരിപ്പിലാണ് കേരളം.