ഇത്തവണത്തെ ഐപിഎൽ താരലേലത്തിന് തുടക്കമായിരിക്കുകയാണ്. സൗദിയിലെ ജിദ്ദയിലാണ് താരലേലം നടക്കുന്നത്. താരലേലം തുടങ്ങി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപ സ്വന്തമാക്കി ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തിയിരുന്നു. ഇപ്പോഴിതാ, ശ്രേയസ് അയ്യരുടെ റെക്കോർഡ് തുക മറികടന്നിരിക്കുകയാണ് ഋഷഭ് പന്ത്. 27 കോടി നൽകി ഋഷഭ് പന്തിനെ സ്വന്തമാക്കിയിരിക്കുന്നത് ലക്‌നൗ ആണ്.
അതേസമയം, ഇത്തവണ മിച്ചൽ സ്റ്റാർക്കിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 11.75 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. കൂടാതെ 15.75 കോടി രൂപയ്ക്ക് ജോസ് ബട്‍ലർ ഗുജറാത്ത് ടൈറ്റൻസിലെത്തി. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. 18 കോടി രൂപയ്‌ക്ക് ആണ് പഞ്ചാബ് കിംഗ്സ് ആർടിഎം വഴി നിലനിർത്തിയത്.
ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 10.75 കോടിക്ക് ആണ് റബാദയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആർ.സി.ബിയും മുംബൈയും താരത്തിനായി രംഗത്തെത്തിയെങ്കിലും അവസാനം റബാദയെ ഗുജറാത്ത് റാഞ്ചി. അതേസമയം, ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. ഇന്നും നാളെയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.