തിരുവനന്തപുരം: ക്ഷേമപെൻഷൻ നല്‍കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച് പെൻഷൻ കമ്പനിക്ക് നൽകിയ വായ്പയുടെ പലിശ കൂട്ടണമെന്ന വിചിത്ര ആവശ്യവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. 500 കോടി രൂപയാണ് പെൻഷൻ കമ്പനിക്ക് വായ്പയായി കെ.എഫ്.സി (Kerala Financial Corporation) നൽകിയത്. 7.75 ശതമാനം ആയിരുന്നു പലിശ. ഇത് 9 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കെ.എഫ്.സി ചെയർമാൻ ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കെ.എഫ്.സി ചെയർമാൻ്റെ ആവശ്യം ബാലഗോപാൽ അംഗീകരിച്ചതോടെ പലിശ ഉയർത്തി ധന വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.

ധനവകുപ്പിന് കീഴിലുള്ള സ്ഥാപനം തന്നെ പലിശ കൂട്ടണമെന്ന് ആവശ്യപ്പെട്ടത് ധനകാര്യ വൃത്തങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേമ പെൻഷൻ നൽകാൻ വേണ്ടി രൂപീകരിച്ച സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും ധന വകുപ്പിൻ്റെ കീഴിലാണ്. ക്ഷേമ പെൻഷൻ പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യത്തിൻ്റെ വായ്പക്ക് പോലും കെ.എഫ്.സി പലിശ ഉയർത്താൻ ആവശ്യപ്പെട്ടത് വരും ദിവസങ്ങളില്‍ വിവാദമാകാനാണ് സാധ്യത. ഒപ്പം പലിശ ഉയർത്താൻ അനുമതി നൽകിയ ബാലഗോപാലിൻ്റെ നടപടിയും ചോദ്യം ചെയ്യപ്പെട്ടേക്കും.

കെ.എഫ്.സിയില്‍ നിന്ന് കൂടാതെ കെ.എസ്.എഫ്.ഇ, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സഹകരണ കണ്‍സോര്‍ഷ്യം എന്നിവിടങ്ങളില്‍ നിന്നും പെന്‍ഷന്‍ കമ്പനി വായ്പയെടുത്തുണ്ട്. 11,373 കോടിയിലധികം രൂപയാണ് 6.85 ശതമാനം മുതല്‍ 10 ശതമാനം വരെ പലിശ നിരക്കില്‍ സ്വീകരിച്ചിട്ടുള്ളത്. കെ.എഫ്.സിയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് സ്ഥാപനങ്ങളും വായപയുടെ പലിശ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വന്നുചേരുന്നത് കോടികളുടെ അധിക ബാധ്യതയായിരിക്കും.

ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള തുക കണ്ടെത്തുന്നതിന് പെട്രോള്‍-ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പൊതുജനങ്ങളില്‍ നിന്ന് ഖജനാവിലേക്ക് എത്തുന്ന പണം സര്‍ക്കാരിന്റെ തന്നെ മറ്റൊരു കമ്പനിക്ക് പലിശയടയ്ക്കാന്‍ മാത്രമായിട്ട് മാറുമോ എന്നുള്ള ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.