HealthNews

ചൈനയില്‍ പുതിയ വൈറസ് ബാധ! ആശങ്കയോടെ ലോകം

ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) എന്ന പുതിയ വൈറസ് വ്യാപകമായി പടരുകയാണ്. സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം, ചൈനയിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞു. കോവിഡ്-19 മഹാമാരിക്ക് ശേഷം ഇപ്പോഴാണ് ഈ പുതിയ ആരോഗ്യ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

എച്ച്എംപിവി ഒരു ശ്വസന അണുബാധയാണ്. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിൽ.

ചൈനയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഈ വാർത്തകൾ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ചൈനയിൽ “അജ്ഞാത ന്യുമോണിയ” കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

എച്ച്എംപിവിക്ക് ഇതുവരെ പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല. രോഗ ലക്ഷണങ്ങളിൽ പനി, ചുമ, തൊണ്ടവേദന എന്നിവ ഉൾപ്പെടുന്നു. ചൈനയിലെ ആരോഗ്യ അധികൃതർ ജനങ്ങളോട് മാസ്ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ വൈറസിന്റെ വ്യാപനം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരുന്നു.

കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്എംപിവി ബാധിച്ചവരിലും കണ്ടുവരുന്നത്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും, പകർച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതിൽ വ്യക്തത നേടാൻ കഴിയാത്തതും ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളിൽ ന്യുമോണിയ വർധിക്കുന്നതും ആശങ്ക പരത്തുന്നുണ്ട്. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുമെന്ന ധാരണയിൽ അജ്ഞാത ന്യൂമോണിയ കേസുകൾ ട്രാക്ക് ചെയ്യുന്നതിന് ചൈനയിലെ രോഗ നിയന്ത്രണ അതോറിറ്റി ഒരു പുതിയ നിരീക്ഷണ സംവിധാനം അവതരിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

എന്താണ് എച്ച്എംപിവി വൈറസ്?

എച്ച്എംപിവി വൈറസ് ഒരു ആർഎൻഎ വൈറസാണ്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വർഗത്തിൽപെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളിൽ നിന്നുള്ള സാമ്പിളുകൾ പഠിക്കുന്നതിനിടെ 2001 ൽ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പർക്കത്തിലൂടെയോ ഇത് പകരാം. ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമാണ് എന്നാണ് കണ്ടെത്തൽ. ഇത് ആവർത്തിച്ചുള്ള അണുബാധകൾ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതൽ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതൽ ഇരകളാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *