സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സ്ഥാപിക്കപ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ തീര്‍പ്പാക്കാനുള്ളത് 11,179 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2012 മുതലുള്ള കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. (Kerala Administrative Tribunal – KAT)

സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യാത്തത് കാരണം തീര്‍പ്പാക്കാന്‍ സാധിക്കാത്ത കേസുകളുടെ എണ്ണം എത്രയാണെന്ന യു.എ. ലത്തീഫ് എം.എല്‍.എയുടെ നിയമസഭാ ചോദ്യത്തിന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ട്രിബ്യൂണല്‍ നിര്‍ദ്ദേശ പ്രകാരം എല്ലാ കേസുകളിലും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്നുണ്ടെന്നും. കേസുകള്‍ തീര്‍പ്പാക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.

2012 മുതലുള്ള കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്നതിന്റെ അര്‍ത്ഥം ജീവനക്കാരുടെ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പിന് ഒരു വ്യാഴവട്ടത്തിന്റെ പഴക്കമുണ്ടെന്നാണ്. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കുന്നതില്‍ സര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയിരിക്കുന്നത്. സര്‍വീസ് വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് ഇനി ട്രിബ്യൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണം എന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ശിച്ചതോടെ ജീവനക്കാരന്റെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കാലങ്ങളെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാണ്. ഏകാധിപത്യ ശൈലി സ്വീകരിക്കാന്‍ ഈ സര്‍ക്കുലര്‍ സര്‍ക്കാരിനെ സഹായിക്കും. നീതി നിഷേധിച്ചാല്‍ ഉടന്‍ തന്നെ ട്രിബ്യൂണലിനെ സമീപിക്കുന്ന ശൈലിയാണ് ജീവനക്കാര്‍ സ്വീകരിച്ചിരുന്നത്. അതിന് അറുതിയാകും.

ഏകപക്ഷിയവും രാഷ്ട്രീയ താല്‍പര്യവും സംഘടന താല്‍പര്യത്തോടും ഉള്ള പല ഉത്തരവുകളും ട്രിബ്യൂണലിനെയും കോടതിയേയും സമീപിച്ചാണ് ജീവനക്കാര്‍ തിരുത്തിക്കുന്നത് . ഈ സര്‍ക്കുലറിലൂടെ മന്ത്രിമാര്‍ രാജാക്കന്‍മാരും മുഖ്യമന്ത്രി മഹാരാജാവും ആയി മാറും എന്ന് ചുരുക്കം. കോടി കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ സമീപിക്കാനുള്ള ജീവനക്കാരുടെ അവകാശം കൂടി നിഷേധിക്കുകയാണെന്ന ആക്ഷേപം വളരെ ശക്തമാണ്.