കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എമ്മിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന നീക്കം. പാർട്ടിയുടെ സ്ഥലം ഉൾപ്പെടെ 77.63 ലക്ഷത്തിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. അനധികൃതമായി വായ്പ എടുത്തശേഷം തിരിച്ചടക്കാതിരുന്ന ഒമ്പത് വ്യക്തികളുടേത് ഉൾപ്പെടെ 29 കോടിയുടെ സ്വത്ത് ആകെ കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ സി.പി.എമ്മിനെക്കൂടി പ്രതിചേർത്താണ് നടപടി.
പാർട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടും തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന്റെ പേരിൽ ലോക്കൽ കമ്മിറ്റി ഓഫിസിനായി തൃശൂർ പൊറത്തുശ്ശേരിയിൽ വാങ്ങിയ മൂന്ന് സെന്റ് സ്ഥലവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ട്, തൃശൂർ ജില്ല കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ട്, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ അക്കൗണ്ട് എന്നിവയാണ് കണ്ടുകെട്ടിയത്. ഭൂമിക്കുപുറമെ, അക്കൗണ്ടുകളും വർഗീസിന്റെ പേരിലാണ്. ബാങ്കിൽനിന്ന് തട്ടിയെടുത്ത പണം സി.പി.എമ്മും കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇ.ഡി റിപ്പോർട്ട്. കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയെ പ്രതിചേർത്തതെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുണ്ടെന്ന് കണ്ടെത്തിയതായും ഈ വിവരങ്ങൾ റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും കൈമാറിയതായും ഇ.ഡി നേരത്തേ വെളിപ്പെടുത്തിയിരുന്നു. സഹകരണബാങ്കിൽ അംഗത്വം എടുക്കാതെ അക്കൗണ്ട് തുറന്ന സി.പി.എം നടപടി സഹകരണസംഘം നിയമത്തിനെതിരാണെന്നും ഇ.ഡി പറയുന്നു.
തൃശൂർ ജില്ലയിൽ മാത്രം സി.പി.എമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളും സഹകരണ ബാങ്കുകളിൽ 25 അക്കൗണ്ടുമുണ്ടെന്നും എന്നാൽ, ഇക്കാര്യം പാർട്ടി മറച്ചുവെച്ചു എന്നുമാണ് ഇ.ഡി അധികൃതർ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ വർഗീസിൽനിന്ന് ഇ.ഡി തേടിയിരുന്നു. എന്നാൽ, രഹസ്യ അക്കൗണ്ടുകളോ വെളിപ്പെടുത്താത്ത സ്വത്തുക്കളോ ഇല്ലെന്നാണ് സി.പി.എം നിലപാട്.
വ്യാപകമായി ബിനാമി വായ്പകൾ നൽകി, ഒരേ വസ്തുവിന്റെ ഈടിൽ ഒന്നിലധികം വായ്പ നൽകി, ഈടായി നൽകിയ വസ്തുവിന്റെ വില പെരുപ്പിച്ച് കാട്ടി തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വന്നാൽ കരുവന്നൂർ കേസിൽ ശക്തമായ നടപടികളുണ്ടാകുമെന്ന് തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ പറഞ്ഞിരുന്നു.