തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ വാഹന ദാരിദ്ര്യത്തിന് പരിഹാരവുമായി മന്ത്രി എം ബി രാജേഷ്. ഇനിമുതൽ അബ്കാരി കേസുകളില്‍ കണ്ടുകെട്ടുന്ന വാഹനങ്ങള്‍ എക്‌സൈസ് വകുപ്പും ജീവനക്കാരും വീതിച്ചെടുക്കും. കേരള അബ്കാരി റൂള്‍ 23 പ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്കു വീതിച്ചു നല്‍കുമ്പോള്‍ എക്‌സൈസ് വകുപ്പിനു മുന്‍ഗണന നല്‍കണമെന്നു നികുതി- എക്‌സൈസ് ഭരണ വിഭാഗം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
അബ്കാരി കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ എക്സൈസ് ഓഫീസിലും പൊതുനിരത്തുകളിലും കിടന്ന് തുരുമ്പെടുത്ത് പോകുന്ന കാഴ്ചയ്ക്ക് അറുതി വരുമെന്നാണ് ഇതോടെ കരുതുന്നത്. ആഡംബര വാഹനങ്ങൾ മുതൽ സാധാരണ ഇരുചക്രവാഹനങ്ങൾ വരെ അബ്കാരി കേസുകളിൽ പെട്ട് എക്സൈസ് ഓഫീസുകളിൽ പിടിക്കപ്പെടാറുണ്ട് ഇനിമുതൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വാഹന മുഖങ്ങളിൽ വൻ മാറ്റമായിരിക്കും ഉണ്ടാവുക.
എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം നടത്തുന്ന എക്‌സൈസ് ഓഫിസുകളിലേക്കു നല്‍കണം. 6, 7 സീറ്റുള്ള എസ്‌യുവി വാഹനങ്ങള്‍ ഇവിടേയ്ക്കു നല്‍കണം. ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ മലയോര മേഖലകളിലെ ഓഫിസുകളിലേക്ക് അനുവദിക്കണം. സ്‌കൂട്ടറുകള്‍ വനിതാ ജീവനക്കാര്‍ക്കും, സെഡാന്‍ വാഹനങ്ങളും മറ്റുള്ളവയും ഇതര ഓഫിസുകളിലേക്കും അനുവദിക്കണം.
കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും കാലാവധി അവശേഷിക്കുന്ന വാഹനങ്ങളാകണം അനുവദിക്കേണ്ടത്. ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ യഥാക്രമം മുന്‍ഗണന നല്‍കി പരിഗണിക്കണം. മറ്റു വകുപ്പുകളിലേക്കു വാഹനങ്ങള്‍ അനുവദിക്കുമ്പോള്‍ ഭരണ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷ പരിഗണിച്ചു മാത്രമേ വാഹനം അനുവദിക്കേണ്ടതുള്ളു
നിലവില്‍ വാഹനം ഉണ്ടെങ്കിലും 15 വര്‍ഷ കാലാവധി പൂര്‍ത്തിയായി ഉപയോഗ യോഗ്യമല്ലാതിരിക്കുന്ന വാഹനങ്ങളുള്ള ഓഫിസുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.