ദില്ലി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ഇന്ത്യാ സഖ്യയോഗം തിരഞ്ഞെടുത്തു. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രവർത്തകസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
ഒറ്റയ്ക്ക് 99 സീറ്റ് നേടിയ കോൺഗ്രസിന് ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത് പത്ത് വർഷത്തിനിടെ ഇതാദ്യമായാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന ഒറ്റവരി പ്രമേയം കോൺഗ്രസ് പാസാക്കിയിരുന്നു.
പ്രതിപക്ഷ നിരയിലെ കോൺഗ്രസ് ഉൾപ്പെടെ ഒരു കക്ഷിക്കും 10 ശതമാനം സീറ്റ് സ്വന്തമാക്കാൻ കഴിയാത്തതിനാൽ 2014 മുതൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 2014ൽ കോണ്‍ഗ്രസ് വിജയിച്ച ആകെ സീറ്റുകൾ 44 ആയി ചുരുങ്ങിയിരുന്നു. 2019ൽ 54 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്. വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു.