തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടി പരിഹരിക്കാൻ വീഴ്ചകൾ മനസ്സിലാക്കി ജനങ്ങളിലേക്കിറങ്ങാൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. ജാഗ്രതയോടെ ജനങ്ങളെ സമീപിക്കണമെന്നും അവരിലെ തെറ്റിദ്ധാരണകൾ തിരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്ന പശ്ചാത്തലത്തിലാണിത്. നവകേരള സദസ്സുകളടക്കം നടത്തിയിട്ടും ജനങ്ങളുടെ ഉള്ളിലുള്ളത് മനസ്സിലാക്കാനായില്ല. ജനങ്ങളിൽനിന്ന് പാർട്ടി അകന്നത് ഇത്തരമൊരു സാഹചര്യത്തിലേക്കെത്തുന്നതിന് കാരണമാണ്.
ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളെ സൂക്ഷ്മമായി വിലയിരുത്തി അതിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് ശ്രമമുണ്ടായില്ല. യു.ഡി.എഫ് വിജയങ്ങൾ സഹതാപ തരംഗമെന്ന നിലയിൽ മാത്രം വിലയിരുത്തി. ആഴത്തിലുള്ള പരിശോധനകളായിരുന്നു അന്ന് വേണ്ടിയിരുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുന്നനിലയിലാണ് സാഹചര്യങ്ങൾ. മാധ്യമ വാർത്തകൾ ജനം വിശ്വസിച്ചു. ഇതിനെ സമൂഹമാധ്യമങ്ങൾകൊണ്ട് പ്രതിരോധിക്കാനുള്ള ശ്രമവും വിജയിച്ചില്ല. മാത്രമല്ല, ഇടതു സൈബർ ഹാൻഡിലുകളെന്ന പേരിൽ സജീവമായ പലരുടെയും ഇടപെടലുകൾ വിപരീതഫലുമുണ്ടാക്കി. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരുടെ സമൂഹമാധ്യമ ഇടപെടലുകൾക്ക് മാർഗരേഖ വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനമുണ്ടായി. പൊലീസിനെതിരെ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുയർന്ന പരാതികൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നു. മുൻഗണന അടിസ്ഥാനത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ സർക്കാർ പ്രവർത്തനങ്ങൾക്കായി രൂപരേഖ തയറാക്കാനും തീരുമാനിച്ചു. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിൽ നാലു മേഖല യോഗങ്ങൾ ചേരും. ജില്ല കേന്ദ്രങ്ങളിൽ തെരഞ്ഞെടുത്ത പ്രവർത്തകർക്കായി യോഗങ്ങൾ സംഘടിപ്പിക്കും. താഴേതലംവരെ ജനങ്ങളോട് സംവദിക്കാൻ ആഗസ്റ്റ് 19നുള്ളിൽ എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.