കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎമ്മെന്ന് നാട്ടുകാരുടെ ആരോപണം. നേരത്തേയും എരഞ്ഞോളിയിൽ ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിക്കാതെ നീക്കം ചെയ്യുകയായിരുന്നെന്നും കഴിഞ്ഞദിവസം ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസി സീന മാധ്യമങ്ങളോടു പറഞ്ഞു.

ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്ന് അയൽവാസിയായ സീന വെളിപ്പെടുത്തി. ആരെങ്കിലും ഇക്കാര്യം തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബറിഞ്ഞ് നശിപ്പിക്കുമെന്നും യുവതി വ്യക്തമാക്കി.

‘‘ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണ് ബോംബ് നിർമാണം. പലരും പേടിച്ചാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. വീടുകൾക്ക് നേരെ ബോംബെറിയും. ജീവിക്കാൻ അനുവദിക്കില്ല. ഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാരായ ഞങ്ങൾക്കും അവകാശമുണ്ട്’’–സീന പറഞ്ഞു.
നേരത്തേ 3 ബോംബാണ് എരഞ്ഞോളിയിൽനിന്ന് കണ്ടെത്തിയത്.

അന്ന് പാർട്ടി പ്രവർത്തകർ പൊലീസിനെ അറിയിക്കാതെ എടുത്തുമാറ്റുകയായിരുന്നു. വേലായുധന്റെ മരണം കാരണമാണ് ഇപ്പോഴെങ്കിലും ഇക്കാര്യം പുറത്തറിയുന്നതെന്നും സീന പറഞ്ഞു. സ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ എംപിയോടും നാട്ടുകാർ ഇക്കാര്യങ്ങൾ അറിയിച്ചു.

എരഞ്ഞോളി വാടിയിൽ പീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധനാണ് (85) ഇന്നലെ ബോംബ് പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സംഭവം നടന്ന വീട് കഴിഞ്ഞ കുറേ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു.

വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ വേലായുധൻ മുന്നിൽ കണ്ട സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനവും നിലവിളിയും കേട്ടെത്തിയ അയൽവാസികൾ വലതുകൈ അറ്റുതൂങ്ങിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വേലായുധനെയാണ് കണ്ടത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.