ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്യ വിഴുപ്പലക്കലുമായി ആലപ്പുഴയിലെ സി.പി.എം നേതാക്കൾ. മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനും അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമും തമ്മിലാണ് വാക്പോര്.
സി.ഐ.ടി.യു നേതാവും കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എളമരം കരീമിനെതിരെ ഒരു ചാനലിലാണ് ജി. സുധാകരൻ വിമർശന മുന്നയിച്ചത്. സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റ വ്യക്തിയാണ് കരീം എന്നും ഇതില്‍ അന്വേഷണം വേണ്ടേ എന്നുമായിരുന്നു സുധാകരന്റെ ചോദ്യം. 2021ല്‍ അമ്പലപ്പുഴയില്‍ 11,000ല്‍പരം വോട്ടിന് പാര്‍ട്ടിയിലെ എച്ച്. സലാം വിജയിച്ചപ്പോള്‍ വോട്ട് ചോർച്ച ആരോപണത്തിന്മേൽ സുധാകരനെതിരെ അന്വേഷണം നടത്തിയിരുന്നു.
അന്നത്തെ കമീഷനിലെ അംഗമായിരുന്നു കരീം. പാർട്ടി സ്ഥാനാർഥി ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ ആൾ സ്വന്തം നാട്ടില്‍ ഒന്നരലക്ഷം വോട്ടിന് തോറ്റുവെന്നും സുധാകരന് പരിഹസിച്ചു. ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്ത ആളാണ് അന്വേഷിക്കാന്‍ വന്നത്. തെളിവ് കൊടുക്കാന്‍ പോയ എട്ട് നേതാക്കളെ ഭീഷണിപ്പെടുത്തി. തെറ്റ് ജി. സുധാകരന്റെ ഭാഗത്തല്ലെന്ന് മൊഴി നല്കിയവരെയാണ് ഭീഷണിപ്പെടുത്താന്‍ കരീം മുതിര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊളിറ്റിക്കൽ ക്രിമിനലിസം എന്ന പ്രയോഗവും സുധാകരൻ ചാനലിൽ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് മാനസികമായ അടുപ്പമില്ല.
അന്നും ഇന്നും വി.എസ്. അച്യുതാനന്ദന് അപ്പുറം ഒരു നേതാവ് തനിക്ക് ഇല്ലെന്നും സുധാകരൻ പറഞ്ഞു. അതിനിടെ, പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന വർത്തമാനം പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് പറഞ്ഞ് സുധാകരനെതിരെ എച്ച്. സലാം രംഗത്തുവന്നു. ആലപ്പുഴ ജില്ലയിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴാണ്.
അതിനെ പാർട്ടി അതിജീവിച്ചു. ഗൗരിയമ്മ പാർട്ടി വിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവർക്കും അറിയാം. അതിന്റെ അടിസ്ഥാനം തേടിപ്പോയാൽ പലതും പറയേണ്ടിവരുമെന്നും സലാം പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി പാർട്ടി മെംബർഷിപ്പുള്ള ഒരാൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ അദ്ദേഹം പരസ്യമായി പറയുന്നു. സുധാകരനെ പരിഗണിച്ചപോലെ ഗൗരിയമ്മയെപ്പോലും പാർട്ടി പരിഗണിച്ചിട്ടില്ല. ഏഴുതവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. മറ്റുപാർട്ടി ചുമതലകളും നൽകി -സലാം ചൂണ്ടിക്കാട്ടി.