‘മുഖ്യമന്ത്രിയുടെ ശൈലി മാറ്റിയാല്‍ രക്ഷപ്പെടാം’: പിണറായി വിജയനെ തലോടി തോല്‍വിയെക്കുറിച്ച് സിപിഎം

Pinarayi Vijayan and mv govindan

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് തുറന്നുസമ്മതിച്ച് സിപിഎം. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കിയാല്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക് കുടിയേറാമെന്ന ഉപദേശവും സിപിഎം സംസ്ഥാന സമിതി മുന്നോട്ടുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിയാണ് തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് വഴിവെച്ചതെന്നും. ജനങ്ങളെ സർക്കാരുമായി അടുപ്പിക്കാൻ നടത്തിയ നവകേരള സദസ്സ് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്തുവെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും തോല്‍വി കടുത്ത നിരാശയുണ്ടാക്കിയെന്നും യോഗത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു.

ഈഴവ – നായർ വോട്ടുകളിൽ വലിയ ചോർച്ച

ന്യൂനപക്ഷ പ്രീണനം തിരിച്ചടിച്ചെവെന്നും സമിതിയംഗങ്ങള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. ഈഴവ വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ഈഴവ വോട്ടുകൾ ബി.ജെ.പിയിലേക്കു പോയി. മുൻ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്ന നായർ വോട്ടുകളിലും മറ്റ് ഹിന്ദു വോട്ടുകളിലും ചോർച്ചയുണ്ടായി. ഇതു പരിഹരിക്കാൻ വലിയ തിരുത്തലുകൾ വേണ്ടിവരുമെന്നും ഇതിനായുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിക്കണമെന്നും അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം പക്ഷേ ഏതൊക്കെ ജനക്ഷേമ നടപടികളാണ് സർക്കാർ നടപ്പിക്കായിതെന്ന് വിശദീകരിക്കുന്നില്ല. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴംകൂട്ടി.

നവകേരള സദസ് ഗുണം ചെയ്തില്ല. അടിസ്ഥാന വർഗം പാർട്ടിയിൽ നിന്ന് അകന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും യോഗത്തിൽ‌ ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. പലയിടത്തും സിപിഎം വോട്ടുകളിൽ കുറവ് രേഖപ്പെടുത്തുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ തോൽവിക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അവലോകനം നടത്തി തിരുത്തൽ‌ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം.

ഏറ്റുപറയാൻ പാർട്ടി മടിക്കരുത്

ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇത് ഏറ്റുപറയാൻ പാർട്ടി മടിക്കരുത്. തിരഞ്ഞെടുപ്പ് തോൽവി നിസാരമായി കാണരുത്. തോൽവിയെ സംബന്ധിച്ചു നേതൃതലത്തിലും കീഴ്ഘടങ്ങളിലും പരിശോധന വേണം. തെറ്റു തിരുത്തൽ താഴെത്തട്ടിൽ മാത്രമായി ഒതുങ്ങരുത്. നേതൃതലത്തിലും ഇതുണ്ടാകണം. വരുന്ന തദേശ തിരഞ്ഞെടുപ്പ് ഗൗരവമായി കണ്ടില്ലെങ്കിൽ തിരിച്ചടി ഉറപ്പാണ്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. ഇതിന്മേൽ നടന്ന ചർച്ചയിലാണ് അംഗങ്ങളിൽ പലരും അഭിപ്രായം പ്രകടിപ്പിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments