ബിഹാറിലെ അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം നിമിഷങ്ങള്‍കൊണ്ട് തകരുകയായിരുന്നു. തകര്‍ന്നുവീണ ഭാഗം നിമിഷങ്ങള്‍ക്കകം ഒലിച്ചുപോയി,

അതിവേഗം ഒഴുകുന്ന ബക്ര നദിക്ക് മുകളിലൂടെയുള്ള പാലം ഒരു വശത്തേക്ക് ചരിയുകയും പിന്നീട് തകര്‍ന്നുവീഴുകയുമായിരുന്നു. ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പാലം നദിയിലേക്ക് പതിച്ചത്.

പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഹാറിലെ അരാരിയ ജില്ലയില്‍ കുര്‍സകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്രാസൗകര്യത്തിനായാണ് 12 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിച്ചത്. നിര്‍മാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും ഭരണസംവിധാനം അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

ഈ വര്‍ഷം മാര്‍ച്ചില്‍ ബീഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. കോസി നദിക്ക് കുറുകെ 984 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലമായിരുന്നു അന്ന് തകര്‍ന്നുവീണത്.