പോരാളി ഷാജിയെന്നത് സി.പി.എം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം

തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധം; സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി: സിപിഎമ്മിലെ നേതാക്കള്‍ പരസ്പരം പോരടിക്കുന്നതാണ് പോരാളി ഷാജി വിവാദത്തിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേരിടുന്നത് ജീർണതയാണ് നേതാക്കള്‍ പരസ്യമായി പോരടിക്കുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊന്‍കതിരുമൊക്കെ മറ്റു രണ്ടു നേതാക്കളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങി. നേരത്തെ ഞങ്ങളെയൊക്കെ (കോണ്‍ഗ്രസ് നേതാക്കളെ) ഇവര്‍ എത്ര അപമാനിച്ചതാണ്. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിക്കുകയാണ്. – വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സി.പി.എമ്മില്‍ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് തന്നെ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകും. സി.പി.എം സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. എന്നിട്ടും മാധ്യമങ്ങള്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് വി.ഡി. സതീശൻ ചോദിച്ചു. എ.വി ഗോവിന്ദനും പിണറായി വിജയനും ഇരു ധ്രുവങ്ങളില്‍ നിന്നാണ് സംസാരിച്ചത്.

സര്‍ക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തില്‍ യു.ഡി.എഫ് ഇത്തവണ ലീഡ് ചെയ്തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബംഗാളില്‍ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണ്. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments