ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായി കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം ആര്‍ രാജുമോനെ തിരഞ്ഞെടുത്തു.
55 വര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ ഭരണമാണ് പാര്‍ട്ടിക്ക് നഷ്ടമായത്. നാല് സിപിഎം അംഗങ്ങളുടെയും നാല് കോണ്‍ഗ്രസ് അംഗങ്ങളുടെയും പിന്തുണയോടെയാണ് രാജുമോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കുട്ടനാട്ടില്‍ നാല് പഞ്ചായത്തിന്റെ ഭരണം യുഡിഎഫിനായി.
ഇതുവരെ 13 പഞ്ചായത്തുകളില്‍ 10 എണ്ണവും ഭരിച്ചിരുന്നത് സിപിഎമ്മായിരുന്നു. രാമങ്കരിയില്‍ ഭരണം കിട്ടിയതോടെ നാല് പഞ്ചായത്ത് യുഡിഎഫിന് ലഭിച്ചിരിക്കുകയാണ്. സിപിഎം വിമതര്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് ആര്‍ രാജേന്ദ്രനെ പുറത്താക്കിയിരിക്കുന്നത്.
സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്. മുന്നൂറോളം പേര്‍ കുട്ടനാട്ടില്‍ സി.പി.എം. വിട്ട് സി.പി.ഐയുടെ ഭാഗമായിരുന്നു. സി.പി.എം. ടിക്കറ്റില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. രാജേന്ദ്ര കുമാറിനെ താഴെയിറക്കുമെന്ന് അന്നേ സി.പി.എം. പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നെന്നാണ് വിവരം.