
എക്സിറ്റ് പോളുകൾ ശരിയാകുമോ? പഴയ പ്രവചനങ്ങൾ പറയുന്നതിങ്ങനെ
ലോക്സഭ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ ഏജൻസികൾ അവരുടെ എക്സിറ്റ് പോൾ പ്രവചനങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടൊപ്പം മുൻവർഷങ്ങളിലെ എക്സിറ്റ് ഫല ങ്ങളും യഥാർഥ ഫലങ്ങളും രാഷ്ട്രീയ നിരീക്ഷകർ ചർച്ചയ്ക്കെടുക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ മനഃസ്ഥിതിയായിരിക്കും എക്സിറ്റ് ഫലങ്ങളെന്നാണ് പറയാറുള്ളതെങ്കിലും മിക്കതും ശരിയാകണമെന്നില്ല.
മുൻകാല എക്സിറ്റ് പോൾ ഫലങ്ങളും അതിന്റെ ശാസ്ത്രീയതയും കൂടിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. 2019ൽ എൻ.ഡി.എക്ക് അനുകൂലമായിരുന്നു എല്ലാ എക്സിറ്റ്പോൾ ഫലങ്ങളും. 353 സീറ്റോടെ ഭരണത്തുടർച്ച നേടിയ എൻ.ഡി.എയുടെ സീറ്റുനില 352 എന്ന് ഇൻഡ്യ ടുഡെ ഏറക്കുറെ കൃത്യമായി പ്രവചിക്കുകയും ചെയ്തു. എന്നാൽ, യഥാർഥ ഫലത്തിൽനിന്ന് തീർത്തും ഭിന്നമായ പ്രവചനങ്ങളും എക്സിറ്റ് പോളിലൂടെ മാധ്യമങ്ങളും ഏജൻസികളും നടത്തിയിട്ടുണ്ട്.
2004ൽ, ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത് എൻ.ഡി.എ ഭരണത്തുടർച്ച നേടുമെന്നായിരുന്നു. എന്നാൽ, എൻ.ഡി.എയുടെ സീറ്റ് നില 181ൽ ഒതുങ്ങി. 2014ൽ, മോദി തരംഗത്തിൽ ബി.ജെ.പി ഭരണത്തിലേറുമെന്നുതന്നെയായിരുന്നു എല്ലാവരുടെയും പ്രവചനം. എന്നാൽ, ശരാശരി സീറ്റ് 283 എന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ 336.
എന്നാൽ, 2019ൽ പുറത്തുവന്ന ഏകദേശം 13 എക്സിറ്റ് പോളുകളിലും എൻ.ഡി.എക്ക് മികച്ച ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഫലം വന്നപ്പോൾ എൻ.ഡി.എക്ക് 353 സീറ്റുകൾ ലഭിക്കുകയും ചെയ്തു.
2017ലെ യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ തൂക്കുസഭ പ്രവചിച്ച മാധ്യമങ്ങൾക്ക് തെറ്റിയിരുന്നു. 325 സീറ്റ് നേടി വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നു. 2015ലെ ബിഹാർ തെരഞ്ഞെടുപ്പ് പ്രവചനവും മാധ്യമങ്ങൾക്ക് തെറ്റി. ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ് സഖ്യം വ്യക്തമായ മാർജിനിൽ സത്യപ്രതിജ്ഞ ചെയ്തു. തൂക്കുസഭയായിരുന്നു എക്സിറ്റ് പോൾ ഫലം..
അതേവർഷം ഡൽഹി തെരഞ്ഞെടുപ്പ് ഫലവും തെറ്റി. ആപ്പ് തരംഗം പൊതുവിൽ പ്രവചിക്കപ്പെട്ടുവെങ്കിലും 70ൽ 67 സീറ്റ് വരെ കെജ്രിവാളിന്റെ പാർട്ടി നേടുമെന്ന് ആരും കരുതിയില്ല. കഴിഞ്ഞവർഷം മധ്യപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന് പ്രവചിച്ചത് കുറച്ചു മാധ്യമങ്ങൾ മാത്രമായിരുന്നു. ഛത്തിസ്ഗഢിൽ കോൺഗ്രസ് തരംഗം പ്രവചിച്ചവർക്കും കഴിഞ്ഞവർഷം തെറ്റി.