ജീവാനന്ദം പദ്ധതിയിൽ ഉത്തരവ് പുതുക്കി ഇറക്കണമെന്ന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് ആവശ്യപ്പെട്ടു. ജീവാനന്ദം പദ്ധതി നടപ്പാക്കുനുള്ള നീക്കം വിവാദമായതോടെ എല്ലാ ജീവനക്കാർക്കും നിർബന്ധമല്ല എന്ന് ധനമന്ത്രിയുടെ ഓഫീസ് പത്രകുറിപ്പ് ഇറക്കിയിരുന്നു.
എന്നാല്‍, പത്രകുറിപ്പ് പോര ഉത്തരവ് പുതുക്കി ഇറക്കണമെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം. സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോൾ പത്ര കുറിപ്പിന് കടലാസിൻ്റെ വില മാത്രമേയുള്ളു. ജീവാനന്ദം ഉത്തരവ് പുതുക്കി ഇറക്കുന്നതുവരെ പ്രതിഷേധം തുടരാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ തീരുമാനം.
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് വഴി ജീവാനന്ദം എന്ന പേരിലുള്ള ആന്വിറ്റി പദ്ധതിയുടെ മറവില്‍ ജീവനക്കാരുടെ ശമ്പളം കവരുന്നതിനും ക്രമേണ പെൻഷൻ നിർത്തലാക്കുന്നതിനും നീക്കം നടക്കുന്നതായി മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സംസ്ഥാനത്തുള്ള സർക്കാർ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ എല്ലാ ജീവനക്കാരും ജീവാനന്ദം പദ്ധതിയില്‍ ഉള്‍പ്പെടണമെന്ന് നിർബന്ധമില്ലെന്നും ഇതിനെക്കുറിച്ച് പ്രാഥമിക നീക്കങ്ങളേ നടക്കുന്നുള്ളൂവെന്നുമായിരുന്നു ധനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കി വിശദീകരിച്ചത്. എന്നാല്‍, വിശദീകരണ കുറിപ്പില്‍ ജീവാനന്ദം നിർത്താൻ പോകുന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷ സർവീസ് സംഘടനകള്‍. വകുപ്പില്‍ നിന്നുള്ള ഉത്തരവിനുവേണ്ടി ആവശ്യപ്പെടുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ജീവനാന്ദം പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്നാണ് ആക്ഷേപം ഉയർന്നത്. ശമ്പളത്തിന്റെ 10 മുതല്‍ 25 ശതമാനം വരെ പിടിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ജീവാനന്ദത്തിലൂടെ ലക്ഷ്യമിട്ടതെന്നും ആക്ഷേപമുയർന്നിരുന്നു. ഇതൂലൂടെ ഒരു വർഷം ജീവനക്കാരില്‍ നിന്ന് തന്നെ 6000 കോടിയുടെ ഫണ്ട് സർക്കാരിന് ലഭിക്കുമായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാര്യം കഷ്ടത്തിലാകുമെന്ന് കണ്ടാണ് പ്രതിഷേധം ശക്തമായത്.