പിഎഫ്ഐ മേധാവി ഇ. അബൂബക്കറിന് ജാമ്യമില്ല: വാർധക്യവും പാർക്കിൻസൺസ് രോഗവും ചുണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ

യുഎപിഎ കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മേധാവി ഇ അബൂബക്കറിന് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത് , മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

യുഎപിഎ പ്രകാരം തനിക്കെതിരെ എൻഐഎ ചുമത്തിയ കേസുകൾക്ക് തെളിവില്ലെന്ന് അബൂബക്കർ വാദിച്ചു. തനിക്ക് 70 വയസ്സുണ്ടെന്നും പാർക്കിൻസൺസ് രോഗമാണെന്നും ക്യാൻസർ രോഗത്തിൽ നിന്ന് ഇപ്പോഴാണ് മോചിതനായതെന്നും പോപുലർ ഫ്രണ്ട് നേതാവ് ചൂണ്ടികാട്ടി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിരവധി തവണ ചികിത്സ തേടിയെന്നും കോടതിയെ അറിയിച്ചു

എന്നാൽ, എൻഐഎ ഹർജിയെ എതിർക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കേഡർമാരെ പരിശീലിപ്പിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ചുണ്ടിക്കാട്ടി. അബൂബക്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും വിട്ടയച്ചാൽ കേസിനെ സ്വാധീനിക്കുമെന്നും കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

2022-ൽ, സംഘടനയ്ക്കും അതിൻ്റെ അനുബന്ധ സംഘടനകൾക്കും എതിരായ രാജ്യവ്യാപകമായ നിരോധനത്തിന് മുമ്പാണ് നേതാക്കളെയും പ്രവർത്തകരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തത്.

ഐഎസ്ഐഎസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധം ആരോപിച്ചാണ് യുഎപിഎ പ്രകാരം 2022 സെപ്റ്റംബർ 28ന് കേന്ദ്ര സർക്കാർ ഈ നിരോധനം ഏർപ്പെടുത്തിയത്. എൻഐഎയുടെ നേതൃത്വത്തിലുള്ള വിവിധ ഏജൻസികളുടെ ഏകോപിത ഓപ്പറേഷൻ്റെ ഭാഗമായി 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചതിന് പിഎഫ്ഐ പ്രവർത്തകരെ പിടികൂടി. 2022 സെപ്റ്റംബർ 22നാണ് അബൂബക്കർ അറസ്റ്റിലായത്.

കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഫെബ്രുവരിയിൽ, അബൂബക്കറിൻ്റെ അസുഖങ്ങൾക്ക് സ്ഥിരവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാൻ ഹൈക്കോടതി തിഹാർ ജയിലിലെ മെഡിക്കൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. ജയിലിൽ അടയ്ക്കുന്നതിനു പകരം വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന ഹർജി തള്ളുന്നതിനിടെയായിരുന്നു ഇത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments