ബാർ മുതലാളിമാരുടെ യോഗം വിളിക്കണമെന്ന് റിയാസ്, പറ്റില്ലെന്ന് പി.ബി നൂഹ്!! സിപിഎം നേതാക്കളുടെ വിശ്വസ്ത ശിഖ സുരേന്ദ്രനാണ് ബാർ മുതലാളിമാരുടെ യോഗം വിളിക്കാൻ അനുമതി നൽകിയത്

തിരുവനന്തപുരം: ടൂറിസം ഡയറക്ടർ ആയിരുന്ന പി.ബി. നൂഹ് 3 മാസത്തെ ലീവിൽ പ്രവേശിച്ചത് മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന്.

മദ്യനയത്തിൽ ടൂറിസം വകുപ്പ് ഇടപെടൽ നടത്തണമെന്ന റിയാസിൻ്റെ ആവശ്യം നൂഹ് നിരസിച്ചിരുന്നു. അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 22 ന് നൂഹ് 3 മാസത്തെ ലീവിന് അപേക്ഷിച്ചു. ഏപ്രിൽ 29 മുതൽ ജൂലൈ 21 വരെ നൂഹ് ലീവിലാണ്. നൂഹിന് പകരം ടൂറിസം ഡയറക്ടറായി ശിഖ സുരേന്ദ്രൻ എത്തിയതോടെയാണ് ബാർ ഉടമകളെ പങ്കെടുപ്പിച്ച് മെയ് 21 ലെ യോഗത്തിന് അനുമതി ലഭിച്ചത്.

കെ.റ്റി.ഡി.സി എം.ഡി കൂടിയായ ശിഖ സുരേന്ദ്രൻ പി.കെ. ശശിയുടെ വിശ്വസ്തയാണ്. ശശിയുടെ ശുപാർശയിലാണ് ടൂറിസം ഡയറക്ടർ കസേരയിലേക്ക് ശിഖ സുരേന്ദ്രനെ നിയമിക്കുന്നത്. ശിഖ എത്തിയതോടെ മുഹമ്മദ് റിയാസിന് കാര്യങ്ങൾ എളുപ്പമായി.

നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകാണ് മദ്യനയത്തിൽ ടൂറിസം വകുപ്പിൻ്റെ ഇടപെടൽ നടത്താൽ റിയാസിനെ ഉപദേശിച്ചത്. വീണ വിജയൻ്റെ മാസപ്പടി കേസ് ഒതുക്കി തീർത്തതിലൂടെ ക്ലിഫ് ഹൗസിൻ്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായി ജയതിലക് മാറിയിരുന്നു.

ബാർ ഉടമകളെ പങ്കെടുപ്പിച്ച് മെയ് 21 ന് ടൂറിസം വകുപ്പ് ഓൺലൈനായി വിളിച്ച യോഗത്തിൻ്റെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് ഇന്നലെ പുറത്ത് വിട്ടിരുന്നു. മദ്യനയത്തിൻ്റെ പോളിസി പുതുക്കൽ എന്ന അജണ്ടയിൽ വിളിച്ചു ചേർത്ത യോഗത്തിന് പിന്നാലെയാണ് 2.5 ലക്ഷം ഓരോ ബാർ ഉടമകളിൽ നിന്നും പിരിക്കാൻ തീരുമാനിച്ചത്.

ഡ്രൈ ഡേ, ബാറുകളുടെ പ്രവൃത്തി സമയം എന്നിവ ബാർ ഉടമകളുടെ ആഗ്രഹപ്രകാരം നടത്തി കൊടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനു ശേഷമായിരുന്നു പിരിവുമായി ബാർ ഉടമകൾ മുന്നോട്ട് പോയത്.