തിരുവനന്തപുരം; സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഈ വര്‍ഷം മുതല്‍ മദ്യശാലകള്‍ ആരംഭിക്കും. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിയമസഭാ സമിതി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം. 20 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് FL4C എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം. ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം. ക്ലബ് അനുവദിക്കുമ്പോൾ നിയന്ത്രണച്ചുമതല ഡെവലപ്പർക്കോ കോ–ഡെവലപ്പർക്കോ ആകാമെന്നാണ് എക്സൈസ് ശുപാർശ. ടെക്നോപാർക്കിന്റെ കാര്യമെടുത്താൽ ഡെവലപ്പർ ടെക്നോപാർക്കും കോ-ഡെവലപ്പർമാർ കമ്പനികളുമാണ്.
മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബിവറേജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി ഐ.ടി ബാറുകളില്‍ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം.
മദ്യശാലകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം കോ ഡെവലപ്പർമാരായ ഐ.ടി കമ്പനികള്‍ക്കായിരിക്കുമെങ്കിലും ഇവർ മറ്റ് പ്രമോട്ടർമാരെ കണ്ടെത്തിയായിരിക്കും ബാറിന്റെ പ്രവർത്തനം നടത്തുക. അതോടെ നിലവിലെ ബാറുടമകള്‍ക്ക് ഐ.ടി പാർക്കുകള്‍ക്കുള്ളിലും ബാറുകള്‍ നടത്താനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്തമാസം ആറിന് വിജ്ഞാപനം ഇറക്കാനാണ് സർക്കാർ തീരുമാനം. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോള്‍ ഇത് സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചില ഭേദഗതികളോടെ അംഗീകരിച്ചു തിരിച്ചയക്കുകയായിരുന്നു. സർക്കാർ നിർദേശങ്ങളിൽ കാര്യമായ ഭേദഗതി വരുത്തിയിട്ടില്ല.