സ്വര്‍ണ്ണം കവരാന്‍ വൃദ്ധയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; സ്ത്രീയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍തോട്ടം ആലുമൂട് വീട്ടില്‍ 71 വയസ്സുകാരിയായ ശാന്തകുമാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ച കേസില്‍ 3 പ്രതികള്‍ക്കും വധശിക്ഷ. ഒന്നാം പ്രതി വിഴിഞ്ഞം ടൗണ്‍ ഷിപ് കോളനിയില്‍ 51 വയസ്സുള്ള റഫീക്ക ബീവി, രണ്ടാം പ്രതി പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ 27കാരനായ അല്‍ അമീന്‍, റഫീക്കയുടെ മകന്‍ 27 കാരനായ ഷെഫീഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ നേരത്തെ കണ്ടെത്തിയിരുന്നു. 2022 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയെ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വിളിച്ചുവരുത്തി ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

മൃതദേഹം തട്ടിന്‍പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനും ഇടയില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണാറിയുന്ന എസ് ഷാജിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം എസ് എച്ച് ഒയായിരുന്ന പ്രജീഷ് ശശി, എസ് ഐമാരായ അജിത് കുമാര്‍, കെ എല്‍ സമ്പത്ത്, ജി വിനോദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്: സംഭവദിവസം രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി. സംസാരിച്ചു നില്‍ക്കേ ഷഫീക്കും അല്‍ അമീനും പിന്നിലൂടെ എത്തി ഷാള്‍ ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തില്‍ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്പ് ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തിരുകി. ഈ സമയം റഫീഖാബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിച്ചു.

പിടഞ്ഞുവീണ ശാന്തകുമാരിയുടെ സ്വര്‍ണമാലയും രണ്ട് വളകളും കമ്മലും മോതിരവുമടക്കം ഏഴരപ്പവന്‍ കവര്‍ന്നു. ശാന്തകുമാരിയുടെ ശരീരമാകെ സാരി ചുറ്റി വലിച്ച് തട്ടിനു മുകളിലെത്തിച്ചു. തുടര്‍ന്ന് താക്കോല്‍ വാതിലില്‍ തന്നെ വച്ച് ഓട്ടോറിക്ഷയില്‍ വിഴിഞ്ഞത്തെത്തി. ആഭരണങ്ങളില്‍ കുറച്ചു ഭാഗം 45, 000 രൂപയ്ക്ക് വിറ്റ ശേഷം രക്ഷപ്പെടുകയായിരുന്നു.

വീട്ടുടമയുടെ മകന്‍ വൈകിട്ട് ഇവിടെ വന്നപ്പോള്‍ വാതിലില്‍ താക്കോല്‍ കണ്ട് വിളിച്ചു നോക്കിയിട്ടും അനക്കമില്ലാത്തതിനാല്‍ തുറന്ന് നോക്കി. തട്ടിന് മുകളില്‍ നിന്ന് രക്തം വാര്‍ന്നു വീഴുന്നതും രണ്ട് കാലുകളും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരെയും വിഴിഞ്ഞം പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട്ടേക്കുള്ള ബസില്‍ ഇവര്‍ സഞ്ചരിക്കുന്നത് മനസിലാക്കി ഇവരെ പിന്‍തുടര്‍ന്ന് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments