സിപിഎമ്മിന്റെ സെക്രട്ടേറിയറ്റിലെ സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയും രൂക്ഷം. സമ്മേളനം ചേരാൻ പോലും സാധിക്കാത്ത വിധം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അടി രൂക്ഷമാണ്. വിഷയത്തില്‍ പാർട്ടി നേതൃത്വം ഇടപെട്ടിട്ടും വെടിനിർത്തലിന് തയ്യാറാകാതെ രണ്ട് പക്ഷവും മുന്നോട്ട് പോകുകയാണ്.
ഗ്രൂപ്പ് വഴക്ക് രൂക്ഷമായതിനാല്‍ മേഖലാ കണ്‍വീനര്‍മാരെ നിയമിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടേണ്ടി വന്നു. എന്നിട്ടും അന്തിമ തീരുമാനമോ സമാധാനം സ്ഥാപിക്കാനോ സാധിച്ചിട്ടില്ല.
സെക്രട്ടേറിയറ്റില്‍ അയ്യായിരത്തിലേറെ ജീവനക്കാര്‍ ഉള്ളതിനാല്‍ മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം. ധനകാര്യ വകുപ്പില്‍ രണ്ട് മേഖലകളുണ്ട്. ഗ്രൂപ്പ് വഴക്ക് കാരണം ഇവിടെ കണ്‍വീനര്‍മാരെ നിശ്ചയിക്കാനായില്ല. അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയും ജനറല്‍ സെക്രട്ടറി കെ.എന്‍. അശോക് കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കണ്‍വീനര്‍മാരെ നിശ്ചയിക്കുന്നതിലും തുടരുകയായിരുന്നു.
വിഷയം സെക്രട്ടറിയേറ്റിലെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ എത്തി. കമ്മിറ്റി സെക്രട്ടറിയായ പി. ഹണി തന്റെ താല്‍പര്യം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അശോക് കുമാറും സംഘവും എതിര്‍ത്തു. ഇതോടെയാമ് വിഷയം സിപിഎം സംസ്ഥാന നേതൃത്വത്തിന് വിട്ടത്.
എം.വി. ഗോവിന്ദന്‍ സ്ഥലത്തില്ലാത്തതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തി. ഇരുവിഭാഗവുമായി പുത്തലത്ത് ദിനേശന്‍ ചര്‍ച്ച നടത്തി ഒരു കണ്‍വീനറെ നിശ്ചയിച്ചു. ഹണിയെ പിന്തുണയ്ക്കുന്ന ആളാണ് കണ്‍വീനര്‍ ആയത്. രണ്ടാമത്തെ കണ്‍വീനര്‍ക്ക് തുല്യമായ പിന്തുണ ലഭിച്ചതിനാല്‍ തീരുമാനമെടുക്കാന്‍ ലോക്കല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അവിടെ ഹണിക്ക് മുന്‍തൂക്കം ഉള്ളതിനാല്‍ അവര്‍ക്ക് താല്‍പര്യമുള്ള ആളായിരിക്കും കണ്‍വീനറാകുക.
സിപിഎം സംഘടനക്കുള്ളിലെ ഇരുചേരികള്‍ പരസ്പരം കൈയേറ്റം നടത്തിയതോടെയാണ് തര്‍ക്കം വഷളായതും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതും.