സര്‍ക്കാരിന് പണികൊടുത്ത് ഗവര്‍ണര്‍; വാര്‍ഡ് കൂട്ടല്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു

തിരുവനന്തപുരം: അടുത്തവര്‍ഷം ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡുവീതം കൂട്ടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാന്‍ നിര്‍ദ്ദേശിച്ചാണ് തിരിച്ചയച്ചത്.

ജൂണ്‍ ആറുവരെയാണ് പെരുമാറ്റച്ചട്ടം നിലവിലുള്ളത്. മൂന്ന് തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുള്ള മന്ത്രിസഭാ യോഗത്തില്‍ ശുപാര്‍ശയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനായി ഗവര്‍ണര്‍ തിരിച്ചയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് വാര്‍ഡ് കൂട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. വൈകുന്നേരത്തോടെ ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനിലെത്തിച്ചു. ഇന്നലെ ഓര്‍ഡിനന്‍സ് പരിശോധിച്ച ഗവര്‍ണര്‍ തിരിച്ചയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായെങ്കില്‍ 1200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടുമായിരുന്നു.

ഓരോ വാര്‍ഡാണ് കൂട്ടുന്നതെങ്കിലും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാനും അവസരമൊരുങ്ങുമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുമ്പ് 2019 ജനുവരില്‍ വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല.

2020 ഫെബ്രുവരിയില്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെങ്കിലും കോവിഡ് സമയമായതിനാല്‍ വാര്ഡഡ് വിഭജനം അസാധ്യമായിരുന്നു. പിന്നീട് മറ്റൊരു ഓര്‍ഡിനന്‍സിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments