ജോസ് കെ. മാണിയെ വി.എസിൻ്റെ കസേരയിൽ ഇരുത്തും! രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കുവെക്കും

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ കലഹം. ജൂലൈ 1 ന് ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റുകളിൽ എൽ.ഡി.എഫിന് ജയിക്കാനാവുന്ന 2 സീറ്റിലാണ് തർക്കം.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് മൽസരം.കക്ഷി നില അനുസരിച്ച് ഇതിൽ ഒരു ഒഴിവിൽ യു.ഡി എഫ് ജയിക്കും. ബിനോയ് വിശ്വത്തിൻ്റെ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സി.പി.ഐ വിട്ടുകൊടുക്കില്ല. ആ സീറ്റ് തങ്ങൾക്കുള്ളതെന്നാണ് സി.പി. ഐ യുടെ വാദം. ജോസ് കെ മാണിയുടെ സീറ്റ് സി പി എം ഏറ്റെടുക്കും. രാജ്യസഭ സീറ്റ് കിട്ടിയേ തീരൂ എന്ന വാശിയിലാണ് ജോസ് കെ. മാണി. കോട്ടയം ലോകസഭ സീറ്റിൽ തോമസ് ചാഴികാടൻ പരാജയപ്പെടും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഫലത്തിൽ കോട്ടയവും രാജ്യസഭ സീറ്റും മാണി കോൺഗ്രസിന് നഷ്ടപ്പെടും. ഇടതു മുന്നണിക്ക് തുടർഭരണം കിട്ടിയത് തങ്ങൾ ഉള്ളതുകൊണ്ടാണെന്ന് ജോസ് മോനും കൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും സി പി എം അത് വക വയ്ക്കുന്നില്ല. സി.പി. ഐ ആകട്ടെ വലിഞ്ഞ് കേറി വന്ന പാർട്ടി എന്ന നിലയിലാണ് തുടക്കം മുതൽ മാണി കോൺഗ്രസിനെ കാണുന്നത്. രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് വിദേശ സന്ദർശനം കഴിഞ്ഞ് എത്തുന്ന പിണറായിയെ ജോസും കൂട്ടരും കാണും. കണ്ടാലും ഫലം ഉണ്ടാകില്ലെന്നാണ് സൂചനകൾ.

രാജ്യസഭ സീറ്റ് കൊടുക്കുന്നതിലെ ബുദ്ധിമുട്ട് പിണറായി വ്യക്തമാക്കും. പകരം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ കസേര ഓഫർ ചെയ്യും എന്നാണ് സി.പി.എം കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട് . കഴിഞ്ഞ സർക്കാരിൽ വി.എസ് അച്യുതാനന്ദൻ ഇരുന്ന കസേരയാണ് ഭരണ പരിഷകാര കമ്മീഷൻ ചെയർമാൻ്റേത്. കാബിനറ്റ് റാങ്കുണ്ട്. 25 പേഴ്സണൽ സ്റ്റാഫിനെ വയ്ക്കാം. പിണറായിയുടെ അനുമതി ലഭിച്ചാൽ 30 പേരെ പേഴ്സണൽ സ്റ്റാഫ് ആക്കാം.

മന്ത്രി മന്ദിരം ലഭിക്കും. പൈലറ്റും, അകമ്പടി വാഹനങ്ങളും ആള്‍ക്കാരും ലഭിക്കും. മന്ത്രിക്കുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കും. പിണറായിയുടെ ഓഫറിൽ ജോസ് മോൻ കൊത്തും എന്ന പ്രതീക്ഷയാണ് സിപിഎം കേന്ദ്രങ്ങൾക്കുള്ളത്. റോഷി അഗസ്റ്റിൻ്റെ മന്ത്രി പദവിക്ക് പുറമേ കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര കമ്മീഷൻ കസേരയും ലഭിക്കുന്നതിലൂടെ അർഹമായ പ്രാതിനിധ്യം മാണി കോൺഗ്രസിന് ലഭിക്കും. അത് വഴി കലാപം ഒഴിവാക്കാനാണ് എൽ.ഡി.എഫ് ശ്രമം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments