തിരുവനന്തപുരം: കരമന കൈമനത്ത് 22 കാരനായ യുവാവിനെ ക്രിമിനല്‍ സംഘം ക്രൂരമായി തലക്കടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി. പട്ടാപ്പകലാണ് കരമന സ്വദേശി അഖിലിനെയാണ് മൂവര്‍ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മൂന്ന് പേരടങ്ങിയ സംഘം അഖിലിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. ഹോളോബ്രിക്സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനത്തിന് ശേഷം മരിച്ചെന്ന് ഉറപ്പ് വരുത്താനായി രണ്ട് തവണ കല്ല് കൊണ്ട് തലയ്ക്കും ദേഹത്തും ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കരമന അനന്ദു കൊലക്കേസില്‍ ജയിലിലായിരുന്ന ഇവര്‍ കൃത്യമായി അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ 112ാം ദിവസം ജാമ്യത്തിലറങ്ങുകയായിരുന്നു. അനന്ദുകൊലപാതകം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഈ കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. അനന്ദുവിനെയും ഈ സംഘം വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്.
കാരണം ബാറിലെ തര്‍ക്കം
കൊല്ലപ്പെട്ട അഖിലും പ്രതികളും ഏപ്രില്‍ 26ന് കരമനയിലെ ഒരു ബാറില്‍ മദ്യപിക്കാനെത്തിയിരുന്നു. ബാറിലെ തിരക്കില്‍ വെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അന്ന് പിരിഞ്ഞുപോയ സംഘം ഇന്നലെ പ്രതികാരം ചെയ്യാനായി തിരിച്ചെത്തുകയായിരുന്നു. അഖിലിന്റെ വീട് ഇവര്‍ക്ക് അറിയാമായിരുന്നു. വീട്ടില്‍ പ്രാവിന് തീറ്റകൊടുത്തുകൊണ്ടിരിക്കുന്ന അഖിലിനെ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. 100 മീറ്റര്‍ അകലെവെച്ച് തര്‍ക്കമുണ്ടായതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തുകയാണ് ആദ്യം ചെയ്തത്. പിന്നീട് സ്ഥലത്തുകിടന്ന കരിങ്കല്ല് എടുത്ത് ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. ഇങ്ങനെ മരണം ഉറപ്പിക്കുന്നതുവരെ ഇവര്‍ അഖിലിന്റെ തലയില്‍ കല്ല് എറിഞ്ഞുകൊണ്ടിരുന്നു.
മര്‍ദനം നടക്കുന്നതിനിടെ പിന്നില്‍ തിരക്കുള്ള റോഡും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളില്‍ ഒരാള്‍ അനന്ദു കൊലക്കേസ് പ്രതി അനന്തു കൃഷ്ണനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിനീഷ്, അനീഷ് അപ്പു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. കിരണ്‍ കൃഷ്ണയാണ് ഇന്നോവ ഓടിച്ചത്. വട്ടപ്പാറ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കരമന, കൈമനം, മരുതൂര്‍ക്കടവിലെ വീടിനോട് ചേര്‍ന്ന് അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന പെറ്റ് ഷോപ്പ് നടത്തിയിരുന്ന അഖിലിനെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ഇന്നോവ കയറില്‍ കയറ്റിയാണ് സംഘം കൈമനത്ത് എത്തിച്ചത്. തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകം.