ഡൽഹി : ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ നാല് നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി തകർന്നുപോകുമെന്ന ധാരണ വേണ്ട. അതിന് വേണ്ടി എന്ത് ചെയ്താലും എത്ര തകർക്കാൻ ശ്രമിച്ചാലും കരുത്തോടെ തിരിച്ചുവരുന്ന പാർട്ടിയാണ് എഎപിയെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
റോസ് അവന്യുവിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ എല്ലാ അഴിമതിക്കാരേയും കൂടെ കൂട്ടി അഴിമതിക്കെതിരായ പോരാട്ടം നടത്തുകയാണെന്ന് വീമ്പ് പറയുകയാണ് ബിജെപിയെന്ന് അദ്ദേഹം വിമർശിച്ചു.
ജനങ്ങളെ വിഡ്ഢികളാക്കരുത്. കൊച്ചു കുട്ടികൾക്കുപോലും കാര്യങ്ങളെല്ലാം അറിയാം. സ്വന്തം മന്ത്രിസഭയിലെ അംഗത്തെ അഴിമതിയുടെ പേരിൽ ജയിലിൽ അടച്ചവനാണ് ഞാൻ. അതിനാൽ അഴിമതിക്കെതിരായ പോരാട്ടം നരേന്ദ്രമോദി പഠിക്കേണ്ടത് എന്നിൽനിന്നാണ്. ഒരു രാജ്യം ഒരു നേതാവ് എന്ന ഭാവമാണ് പ്രധാനമന്ത്രിക്ക്.
ഒരുപാടുപേരെ ജയിലിലാക്കിയ മോദി ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ പിന്നാലെയാണ്. മോദി വീണ്ടും ജയിച്ചാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കും’ കെജ്‌രിവാൾ വ്യക്തമാക്കി. ജൂൺ നാലിന് ശേഷം എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. എഎപി അതിന്റെ ഭാഗമാകും. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിയും നൽകും. ഹരിയാന, രാജസ്ഥാൻ, ബിഹാർ, യുപി, ഡൽഹി, കർണാടക, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് സീറ്റ് കുറയുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.